ആമസോണിലെ തീയണക്കാന്‍ ബ്രസീല്‍ സൈന്യത്തെ അയക്കും


AUGUST 24, 2019, 12:59 PM IST

റിയോ ഡി ജനീറോ:  ആമസോണ്‍ മഴക്കാടുകളിലുണ്ടായ തീയണക്കാന്‍ ബ്രസീല്‍ സൈന്യത്തെ അയക്കും. ആഗോളസമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ്‌  പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. ആമസോണ്‍ മഴക്കാടുകളിലുണ്ടായ രൂക്ഷമായ കാട്ടുതീ വിവിധരാജ്യങ്ങളെ ഉത്കണ്ഠാകുലരാക്കിയെങ്കിലും ആമസോണിന്റെ 60 ശതമാനവും സ്ഥിതി ചെയ്യുന്ന ബ്രസീല്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇനിയും തീയണക്കാന്‍ സജ്ജമായില്ലെങ്കില്‍ ബ്രസീലുമായുള്ള വ്യാപാര ബന്ധം വിചേഛദിക്കുമെന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഭീഷണി മുഴക്കി.  ഇതിന് പിന്നാലെയാണ് കാട്ടുതീ അണക്കാനുള്ള നടപടികളുമായി ബ്രസീല്‍ മുന്നോട്ടിറങ്ങിയത്.  

ജി 7 രാജ്യങ്ങള്‍ ആമസോണ്‍ മഴക്കാടുകളിലെ തീപിടിത്തത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ നേരത്ത ആവശ്യപ്പെട്ടിരുന്നു. ''നമ്മുടെയെല്ലാം വീടാണ് കത്തിയെരിയുന്നത്.20 ശതമാനം ഓക്‌സിജന്‍ പ്രദാനം ചെയ്യുന്ന ഭൂമിയുടെ ശ്വാസകോശത്തിനാണ് തീപിടിച്ചിരിക്കുന്നത്.'' എന്നായിരുന്നു മാക്രോണിന്റെ ട്വീറ്റ്.

യു.എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറോസ്, ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മേര്‍ക്കല്‍, പോപ് ഗായിക മഡോണ, നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരും തങ്ങളുടെ ആശങ്ക പങ്കുവച്ചു. ജി7 ഉച്ചകോടി അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച്ചചെയ്യണമെന്നായിരുന്നു മെര്‍കലിന്റെ ആവശ്യം.

എന്നാല്‍ ബ്രസീല്‍ അപ്പോഴും  വിഷയത്തില്‍ ഉദാസീനത കാണിക്കുകയായിരുന്നു. തുടര്‍ന്ന് 20 വര്‍ഷമായി നിലനില്‍ക്കുന്ന യൂറോപ്പ്-ലാറ്റിനമേരിക്ക വ്യാപാര കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഫ്രാന്‍സും അയര്‍ലന്റും ഭീഷണി മുഴക്കി. ഒടുവില്‍ ഗത്യന്തരമില്ലാതെ ബ്രസീല്‍ സൈന്യത്തെ  അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Other News