കരാറില്ലാ ബ്രെക്സിറ്റ് തടഞ്ഞ് നിയമം; തീയതി നീട്ടില്ലെന്ന് ബോറിസ് 


SEPTEMBER 11, 2019, 1:53 AM IST

ലണ്ടൻ:യൂറോപ്യൻ യൂണിയനിൽനിന്നു കരാറില്ലാതെ ബ്രിട്ടൻ‌ പിൻമാറുന്നതു തടയാനുള്ള ബിൽ എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമായി. ബ്രെക്സിറ്റ് കരാറിൽ ഒക്ടോബർ 19നകം തീരുമാനം ആയില്ലെങ്കിൽ തീയതി നീട്ടിക്കിട്ടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭ്യർഥിക്കണമെന്നു നിബന്ധന ചെയ്യുന്ന നിയമമാണു നിലവിൽ വന്നത്. എന്നാൽ, ബ്രെക്സിറ്റ് തീയതി നീട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആവർത്തിച്ചു. ‘

ഐറിഷ്  ബാക്ക്‌സ്റ്റോപ്’ നിർദേശം റദ്ദാക്കാനുള്ള ജോൺസന്റെ നീക്കത്തിൽ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാഡ്കർ ആശങ്ക അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് അയർലൻഡും ബ്രിട്ടന്റെ ഭാഗമായ നോർതേൺ അയർലൻഡും തമ്മിൽ പ്രത്യക്ഷത്തിലുള്ള അതിരുകൾ പാടില്ലെന്നുളള പഴയ കരാർ നിബന്ധന പാലിച്ചുകൊണ്ട് ബ്രെക്സിറ്റ് നടപ്പിലാക്കാനാണു നിലവിൽ ‘ബാക്ക്സ്റ്റോപ്’ നിർദേശമുള്ളത്. 

ബ്രെക്സിറ്റ് കരാറിൽനിന്ന് ഇത് ഒഴിവാക്കുന്നത് കരാറില്ലാത്ത സാഹചര്യത്തിന്റെ ഫലമുണ്ടാക്കുമെന്നാണു ഡബ്ലിൻ സന്ദർശിച്ച ജോൺസനു വരാഡ്കറുടെ മുന്നറിയിപ്പ്.ഒക്ടോബർ 31നു സ്ഥാനമൊഴിയുകയാണെന്നു പാർലമെന്റിന്റെ ജനസഭ സ്പീക്കർ ജോൺ ബെർകോ പ്രഖ്യാപിച്ചു. പൊതു തിരഞ്ഞെടുപ്പിനുവഴിതുറന്നാൽ അതിനു മുൻപേ പദവി ഒഴിയുമെന്നും അറിയിച്ചു.

Other News