യു എസിനു തിരിച്ചടി:ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ വിട്ടയയ്ക്കുന്നു;മലയാളികളടക്കം ഇന്ത്യക്കാരെ മോചിപ്പിച്ചു 


AUGUST 15, 2019, 9:05 PM IST

ലണ്ടൻ/ ന്യൂഡൽഹി:ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ വിട്ടയയ്ക്കുന്നു.ജിബ്രാൾട്ടർ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണിത്.നേരത്തെ,കപ്പലില്‍ ഉണ്ടായിരുന്ന മൂന്നു മലയാളികൾ ഉൾപ്പെടെ  24 ഇന്ത്യക്കാരെയും വിട്ടയച്ചതായി വിദേശകാര്യസഹമന്ത്രി വി മുരധീരൻ അറിയിച്ചിരുന്നു.

ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് കഴിഞ്ഞമാസമാണ് ബ്രിട്ടീഷ് റോയല്‍ നേവി  വി എൽ സി സി ഗ്രേസ് വണ്‍ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്.കപ്പൽ വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ട് അമേരിക്ക കോടതിയെ സമീപിച്ചിരുന്നു.ഈ ആവശ്യം തള്ളിക്കൊണ്ടാണ് ജിബ്രാൾട്ടർ കോടതിയുടെ ഉത്തരവ്.കപ്പലിലെ എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഇറാൻ ഉറപ്പുനൽകി. 

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചെന്നും കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരേയും ജിബ്രാള്‍ട്ടര്‍ അധികൃതര്‍ മോചിപ്പിച്ചതായി വിവരം ലഭിച്ചെന്നും ട്വിറ്ററിലൂടെയാണ് മന്ത്രി മുരളീധരൻ അറിയിച്ചത്.മോചിതരായ ഇന്ത്യക്കാർക്ക് ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഗ്രേസ് വണ്‍ ബ്രിട്ടൻ ഉടൻ മോചിപ്പാക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായി അമേരിക്ക വിഷയത്തിൽ ഇടപെട്ടു. കപ്പല്‍ വിട്ടു കൊടുക്കരുതെന്ന് അമേരിക്ക ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബ്രിട്ടന്റെ അധീനതയിലുള്ള  മെഡിറ്ററേനിയൻ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍.

​ഗ്രേസ് വൺ കപ്പല്‍ വിട്ടുനല്‍കാന്‍ നേരത്തെ ബ്രിട്ടൻ  തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ആയിരുന്നു അമേരിക്കയുടെ അപ്രതീക്ഷിത ഇടപെടല്‍. ഇതോടെ കാര്യങ്ങൾ സങ്കീർണമാകുകയും കപ്പലിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയരുകയും ചെയ്‌തു. 

സിറിയയിലേക്ക് അനധികൃതമായി എണ്ണ കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചാണ് കപ്പല്‍ ബ്രിട്ടൻ പിടികൂടിയത്. ഇത് ഇറാനും ബ്രിട്ടണും തമ്മിലുള്ള ബന്ധം ഏറെ വഷളാക്കുകയുണ്ടായി.തുടർന്ന് ഇറാൻ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്തിരുന്നു.

ഈ കപ്പലിലും മലയാളി ജീവനക്കാർ ഉണ്ട്.ഇപ്പോഴത്തെ സാഹചര്യം ഇവർക്കും പ്രതീക്ഷ നൽകുന്നതാണ്. ബ്രിട്ടന്‍ ആദ്യം കപ്പല്‍ വിട്ടുനല്‍കുകയും ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു ഇറാന്റെ ആവശ്യം. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാരാണ് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ളത്. 

Other News