ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാര്‍


JULY 20, 2019, 4:00 PM IST

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് പതാകവാഹിയായ കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. ആകെ  23 പേരാണ് കപ്പലിലുള്ളത്. സ്വീഡന്റെ ഉമസ്ഥതിയിലാണ് കപ്പലുള്ളത്. പശ്ചിമേഷ്യയില്‍ നാറ്റോ രാജ്യങ്ങളും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ഇറാന്‍ സൈന്യമായ റല്യൂഷണറി ഗാര്‍ഡ് കപ്പല്‍ കണ്ടുകെട്ടിയത്. 

ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരം സൗദി അറേബ്യയിലേയ്ക്ക് പോവുകയായിരുന്ന സ്‌റ്റെനാ ഇംപാരിയോ എന്ന കപ്പലാണ് ഇറാന്‍ പിടിയിലായത്. കപ്പല്‍ ഇപ്പോള്‍ ഹോര്‍മോസ്ഗന്‍ തുറമുഖാധികാരികളുടെ കൈവശമാണുള്ളത്.ഇറാന്റെ ഹെലികോപ്റ്ററുകളും ചെറുകപ്പലുകളും തങ്ങളെ വളയുകയായിരുന്നെന്ന് ഇംപാരിയോ ക്യാപ്റ്റന്‍ കമ്പനിയെ വിവരമറിയിച്ചു. അതിനുശേഷം ആശയവിനിമയം സാധ്യമായിട്ടില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. 

അതിനിടയില്‍ ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തുവെന്ന് അമേരിക്കന്‍ നാവിക സേന അവകാശപ്പെട്ടു. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ യു.എസ്.എസ് ബോക്‌സര്‍ എന്ന യുദ്ധകപ്പല്‍ തങ്ങളെ സമീപിച്ച ഡ്രോണിനെ തകര്‍ക്കുകയായിരുന്നെന്നും വളരെക്കാലത്തിനുശേഷമുള്ള ഇറാന്റെ പ്രകോപനമായിരുന്നു ഇതെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു. തങ്ങള്‍ക്ക് സ്വയംപ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഇതിനെക്കുറിച്ച് ട്രമ്പിന്റെ പ്രതികരണം.

നേരത്തെ യു.എസിന്റെ ഡ്രോണ്‍ തങ്ങള്‍ വെടിവെച്ചിട്ടുവെന്നും ഇറാനും പറഞ്ഞിരുന്നു.

Other News