വിമാനയാത്രക്കെത്തിയ അമേരിക്കൻ യുവതിയുടെ ബാഗില്‍ ചോരക്കുഞ്ഞ്;കടുത്ത കുറ്റങ്ങൾ ചുമത്തി 


SEPTEMBER 6, 2019, 1:48 AM IST

മനില: വിമാനയാത്രക്കെത്തിയ അമേരിക്കക്കാരി യുവതി തന്റെ ബാഗ് ഒളിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്രവിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ് വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരിശോധനയില്‍ കണ്ട കാഴ്‌ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകളഞ്ഞു:ഒരു ചോരക്കുഞ്ഞ്.

ഒഹായോ സ്വദേശിയായ യുവതിയുടെ ബാഗില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ആറ് ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെയാണ്. 43കാരിയായ ജെന്നിഫര്‍ ടാല്‍ബോട്ടാണ് കുഞ്ഞുമായി രാജ്യം വിടാന്‍ ശ്രമിച്ചത്. കുട്ടിയെ സംബന്ധിച്ച  മതിയായ രേഖകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. 

കുട്ടിയുമായി ബന്ധമുണ്ടാകാമെങ്കിലും ഇതുതെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ തിരിച്ചറിയല്‍ രേഖയും ദേശീയത തെളിയിക്കാനുള്ള രേഖയും  ഹാജരാക്കാന്‍ അവര്‍ക്കായില്ല. ഫിലിപ്പീന്‍സിലെ നിയമപ്രകാരം കുട്ടിയുടെ രക്ഷിതാവിന്‍റെയോ അധികാരപ്പെട്ട ഒരാളുടെയോ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ വിദേശരാജ്യത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി യാത്രചെയ്യാനാകൂ. 

സുരക്ഷാ ഉദ്യോഗസ്ഥർ ജെന്നിഫറെ നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്  കൈമാറി.തുടർന്ന് ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.മനുഷ്യക്കടത്ത്,തട്ടിക്കൊണ്ടുപോകൽ,കുട്ടികളെ പീഡിപ്പിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമെതിരായ നിയമം ലംഘിക്കൽ എന്നിങ്ങനെ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ജെന്നിഫറിനുമേൽ ചുമത്തിയിട്ടുള്ളത്.

കുറ്റം തെളിഞ്ഞാൽ ഫിലിപ്പൈൻ ജയിലിൽ ജീവപര്യന്തം തടവും 38,500 മുതൽ 96,200 വരെ ഡോളർ പിഴയും 

ജെന്നിഫറിന് ശിക്ഷ ലഭിക്കും.കുഞ്ഞിന്റെ അമ്മയുടെ അനുമതിയോടെയാണ് അമേരിക്കയിലേക്ക് കൊണ്ടുപോകാൻ തുനിഞ്ഞതെന്ന് ജെന്നിഫർ പറഞ്ഞെങ്കിലും ഇതുസംബന്ധിച്ച അനുമതിപത്രത്തിൽ കുഞ്ഞിന്റെ അമ്മയുടെ ഒപ്പ് ഉണ്ടായിരുന്നില്ലെന്ന് ഫിലിപ്പൈൻ അധികൃതർ പറഞ്ഞു.സ്വദേശത്ത് ജെന്നിഫറിന് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് മനിലയിലെ അമേരിക്കൻ എംബസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Other News