ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് രാസായുധസാന്നിധ്യം; കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു


JULY 2, 2019, 7:50 PM IST

സാന്‍ഫ്രാന്‍സിസ്‌ക്കോ: ഞരമ്പുകളില്‍ രക്തയോട്ടം തടഞ്ഞ് ദ്രുതമരണത്തിന് കാരണമാകുന്ന മാരക രാസായുധമായ സരിന്റെ സാന്നിധ്യം ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് കണ്ടെത്തി.തുടര്‍ന്ന് ഫെയ്‌സ് ബുക്ക് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. മെന്‍ലോപാര്‍ക്കിലെ നാല് കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.

ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെത്തിയ പൊതിയില്‍ സരിന്‍ കണ്ടെത്തുകയും തുടര്‍ന്ന് പൊതി കൈകാര്യം ചെയ്ത രണ്ടുപേരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. എന്നാല്‍ ഇവരില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല.

അതേസമയം പോലീസ് അട്ടിമറി സാധ്യത തള്ളികളഞ്ഞിട്ടില്ല. അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി എഫ്.ബി.ഐ,രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് തമ്പടിച്ചിരിക്കയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തങ്ങളുടെ നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ച വിവരം സ്ഥിരീകരിച്ച ഫെയ്‌സ്ബുക്ക് തങ്ങള്‍ അന്വേഷണവുമായി സഹകരിക്കുകയാണെന്ന് അറിയിച്ചു. രണ്ടാം മഹായുദ്ധകാലത്തും റഷ്യ-അമേരിക്ക ശീതയുദ്ധകാലഘട്ടത്തിലും സരിന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.