അറബിബോര്‍ഡുകള്‍ക്കും ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ചൈന; ചിഹ്‌നങ്ങള്‍ വിദേശ സംസ്‌കാരത്തിന്റെ ഭാഗമെന്ന് അധികൃതര്‍


AUGUST 2, 2019, 1:35 AM IST

ബെയ്‌ജിംഗ്:അറബി ബോര്‍ഡുകള്‍ക്കും ഇസ്‌ലാമിക ചിഹ്‌നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ചൈന.ഹലാല്‍ റസ്‌റ്റോറന്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളിലെ  അറബിയിലുള്ള എഴുത്തുകളും  വരച്ചുവെച്ച ഇസ്‌ലാമിക ചിഹ്‌നങ്ങളും നീക്കാന്‍ ഭരണകൂടം ഉത്തരവിട്ടു കഴിഞ്ഞു. ബെയ്‌ജിംഗിലെ 11 റസ്‌റ്റോറന്റുകൾക്കും കടകള്‍ക്കും ഈ ഉത്തരവ് ലഭിച്ചു. 

ചന്ദ്രക്കല, അറബിയില്‍ ഹലാല്‍ എന്ന് എഴുതിയത് തുടങ്ങിയവയൊക്കെ മായ്ക്കണം. ഇത് വിദേശ സംസ്‌ക്കാരമാണെന്നും  ചൈനീസ് സംസ്‌ക്കാരത്തിലുള്ളവ വേണം എഴുതിവയ്ക്കാനെന്നുമാണ് നിർദേശം. ചൈനയില്‍, ചൈനീസ് സംസ്‌കാരവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദര്‍ശവും മതിയെന്നാണ്  ഭരണകൂടത്തിന്റെ നിലപാട്. രണ്ടു കോടിയിലേറെ മുസ്‌ലിമുകളാണ് ചൈനയിലുള്ളത്. അവിടെ അംഗീകരിക്കപ്പെട്ട അഞ്ചു മതങ്ങളില്‍ ഒന്നാണ് ഇസ്‌ലാം. 

ഇസ്‌ലാം മതത്തെ ചൈനീസ്‌വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. ബുദ്ധമതം (താവോയിസം) ആണ് ചൈനയുടെ സ്വന്തം മതം. സിന്‍ജിയാങ്ങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ളീങ്ങളാണ് ചൈനയിലുള്ളത്. ഇവരാണ് വിഘടന വാദം വിതയ്ക്കുകയും ഭീകരത പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്ന നിലപാടാണ് ഭരണകൂടത്തിന്. 

2009ല്‍ ഉയിഗൂര്‍ മുസ്‌ലിമുകളും ബൗദ്ധരും തമ്മില്‍ കലാപം ഉടലെടുത്തിരുന്നു. അതിനു ശേഷം ഉയിഗൂര്‍ മുസ്‌ലിമുകള്‍ 2015ല്‍ ചൈനയിലെ ഒരു ഖനിയില്‍ ബോംബാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ചൈനീസ് പോലീസ് നടത്തിയ തിരിച്ചടിയില്‍ 28 പേരാണ് കൊല്ലപ്പെട്ടത്.

Other News