ഇറങ്ങിക്കളിച്ച് ചൈന, യു എസിന് തലവേദന 


MARCH 24, 2023, 10:04 PM IST

നയതന്ത്രരംഗത്ത് യുഎസിന് വെല്ലുവിളിയായി ചൈനയുടെ നീക്കങ്ങള്‍ സൗദി- ഇറാന്‍ കരാറിന് പിന്നാലെ റഷ്യ- യുക്രെയ്ന്‍ മുന്നണിയിലേക്ക്  യുദ്ധം ക്ഷീണിപ്പിച്ച രാഷ്ട്രങ്ങളെ യു എസില്‍ നിന്ന് അകറ്റുക ലക്ഷ്യം ചൈനയുടെ ജൂനിയര്‍ പാര്‍ട്ട്ണര്‍ മാത്രമായി യുദ്ധം തളര്‍ത്തിയ റഷ്യ 

സി ഗൗരീദാസന്‍ നായര്‍ 

വാഷിംഗ്ടണ്‍: ഇത്രകാലവും ചൈനയെ ലോകവേദിയുടെ അരികുകളിലേക്ക് ഒതുക്കി നിര്‍ത്തുന്നതില്‍ വിജയിച്ച അമേരിക്കക്ക് കാര്യങ്ങള്‍ ഇനി അത്ര എളുപ്പമല്ല: ചൈന കളത്തിലിറങ്ങി കളിക്കാന്‍ ആരംഭിച്ചിരിക്കുന്നു. 

നയതന്ത്രരംഗത്ത് അമേരിക്കക്ക് ഇന്നുള്ള മേല്‍ക്കൈ തകര്‍ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമാണ് ചൈനയുടെ മധ്യസ്ഥതയില്‍ മാര്‍ച്ച് 10ന് സൗദി അറേബ്യയും ഇറാനും തമ്മില്‍ ഒപ്പിട്ട സൗഹാര്‍ദ്ദക്കരാര്‍. ഇപ്പോള്‍ ചൈനയുടെ ശ്രദ്ധ യുക്രെയ്നിലാണ്. പതിമൂന്ന് മാസം നീണ്ട യുദ്ധം തളര്‍ത്തിയ റഷ്യയെയും യുക്രെയ്നിനെയും ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് എത്തിക്കാനാവുമോ എന്നാണ് ചൈനയുടെ നോട്ടം. യുക്രെയ്നില്‍ ചൈന നടത്തുന്ന സമാധാനശ്രമങ്ങളെ കയ്യോടെ തള്ളിക്കളയാന്‍ അമേരിക്കയ്ക്ക് കഴിയില്ല. അങ്ങനെ ചെയ്താല്‍ സമാധാന പുനഃസ്ഥാപനത്തിന് അമേരിക്ക എതിരാണെന്ന് പ്രചരിപ്പിക്കാന്‍ ചൈനാക്കാവും. 

ഇത്രകാലം യുദ്ധം ചെയ്തിട്ടും വിജയം നേടാനാവാതെ പരിക്ഷീണരായ റഷ്യക്ക് ഇതൊരു സുവര്‍ണാവസരമാണ് നല്കിയിട്ടുളളത്. പ്രത്യക്ഷത്തില്‍ തങ്ങള്‍ പക്ഷം പിടിക്കുന്നില്ല എന്ന് പറയുകയും റഷ്യക്ക് ഡ്രോണുകളടക്കമുള്ള ആയുധങ്ങള്‍ നല്‍കുകയും ചെയ്തുവന്ന ചൈന ഇപ്പോള്‍ ഒരു പടികൂടി മുന്നോട്ട് കടന്ന് ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്താനൊരുങ്ങുകയാണ്: റഷ്യയെ യുദ്ധക്കുരുക്കില്‍ നിന്ന് മോചിപ്പിക്കുക, അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമിടയില്‍ വിടവുകളുണ്ടാക്കുക. 

താന്‍ ചെന്നുപെട്ടിരിക്കുന്ന കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനയുടെ ഇടപെടല്‍ സഹായകമാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ കാണുന്നുണ്ട്. ചൈനയുടെ ഇടപെടല്‍ അമേരിക്കക്ക് മേല്‍ സമ്മര്‍ദ്ദമേറ്റുമെന്നും അത് തനിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് പുട്ടിന്‍ കരുതുന്നത്. ചൈനയുടെ സാമ്പത്തിക- സൈനിക ശക്തിയും ആഗോളരംഗത്തെ സ്വീകാര്യതയും ഉയര്‍ന്നതോടെ അവരുടെ ജൂനിയര്‍ ടീമാകാന്‍ റഷ്യ തയ്യാറാണെന്നത് ചൈനക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്.

യുക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്കക്കൊപ്പം നിന്ന് യുക്രെയ്നിനെ സഹായിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും യുദ്ധം ഏറ്റവും വേഗം അവസാനിക്കണം എന്നാഗ്രഹിക്കുന്നവരാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. റഷ്യക്ക് എതിരായി ഏര്‍പ്പെടുത്തിയ ഉപരോധം തങ്ങളുടെ സമ്പദ്ഘടനകളിലും ഏല്‍പ്പിക്കുന്ന ആഘാതം ഈ രാഷ്ട്രങ്ങള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം അനുസരിക്കാന്‍ ദക്ഷിണേഷ്യയിലെ അമേരിക്കയുടെ സഖ്യശക്തിയായ ഇന്ത്യ തയ്യാറാകാത്തതും അവര്‍ കാണുന്നുണ്ട്. 

ഇപ്പോഴിതാ മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ് അമേരിക്കന്‍ നിലപാടുകള്‍ തള്ളി തായ്വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാനും ചൈനയുമായി സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ലോകരാഷ്ട്രങ്ങളുമായി 'സ്വതന്ത്ര സൗഹാര്‍ദ്ദബന്ധം' സ്ഥാപിക്കാനാണ് തന്റെ തീരുമാനം എന്നാണ് ഹോണ്ടുറാസ് പ്രസിഡന്റ്് സിയമോറ കാസ്‌ട്രോ പറഞ്ഞത്.

ബുധനാഴ്ചത്തെ സെനറ്റ് ഹിയറിംഗില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്തണി ബ്ലിങ്കന്‍ യു എസ് ചെന്നെത്തിയിരിക്കുന്നത് ഒരു വിഷമകരമായ സ്ഥിതിവിശേഷത്തിലാണെന്ന് ഏതാണ്ട് അംഗീകരിച്ചിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന് മുന്‍പ് തന്നെ ചൈനയും റഷ്യയും തമ്മില്‍ ഉണ്ടാക്കിയിരുന്ന 'പരിധികളില്ലാത്ത സൗഹൃദ'ത്തിന്റെ ഒരു മുഖമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ മോസ്‌കോ സന്ദര്‍ശനവേളയില്‍ കണ്ടതെന്ന് പറഞ്ഞ ബ്ലിങ്കന്‍ 'നമ്മുടെ നിലപാടുകളുമായി യോജിക്കാത്ത രാജ്യങ്ങളുമുണ്ടല്ലോ' എന്ന് ഒരു രാജ്യങ്ങളുടെയും പേരെടുത്ത് പറയാതെ ചോദിക്കുകയും ചെയ്തു. 

ഇതിനെല്ലാം അടിസ്ഥാനകാരണം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് മോശമായതാണ്. അന്ന് ജനങ്ങളെ ഇളക്കുന്നതിന്  അതിദേശീയ അജണ്ട മുന്‍പോട്ട് വച്ച ട്രംപ് ചൈനയുമായി ഒരു വ്യാപാരയുദ്ധത്തിന് തുടക്കമിട്ടു. ആഭ്യന്ത്രര രാഷ്ട്രീയത്തില്‍ അത് ട്രംപിന് ഗുണം ചെയ്തെങ്കിലും ഉല്പാദന- വിതരണ ശൃംഖലകള്‍ക്ക് വന്‍ ആഘാതമാണ് ഏല്പിച്ചത്. ഇപ്പോഴാകട്ടെ ആ നിലപാട് ആഗോള നയതന്ത്രരംഗത്ത് യു എസിന് അത് തിരിച്ചടിയാവുകയാണ്. 

മുന്‍കാലങ്ങളിലെപ്പോലെ സഖ്യരാജ്യങ്ങളടക്കമുള്ളവര്‍ അമേരിക്ക പറയുന്നിടത്ത് നില്‍ക്കാന്‍ ഇന്ന് തയ്യാറല്ല. പശ്ചിമേഷ്യയില്‍ യു എസിനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ സൗദി അറേബ്യയും ഖത്തറുമെല്ലാം സ്വന്തം വഴികള്‍ തേടിക്കഴിഞ്ഞു. ദക്ഷിണേഷ്യയില്‍ ഉറ്റ സഖ്യകക്ഷിയായിരുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ ചൈനയ്ക്കൊപ്പമാണ്. പുതിയ സഖ്യകക്ഷിയായ ഇന്ത്യയാകട്ടെ കണ്ണുമടച്ച് അമേരിക്കക്ക് പിന്നാലെ നടക്കാന്‍ തയ്യാറുമല്ല. പഴയകാലത്തെ ചേരിചേരാനയത്തിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ ഇന്ത്യ ഇന്ന് നിലകൊള്ളുന്നത് ഒരു ബഹുധ്രുവലോകത്തിന് വേണ്ടിയാണ്. അതില്‍ റഷ്യക്കും ചൈനക്കും ഇന്ത്യ ഒരു സ്ഥാനം കാണുന്നുണ്ട്.

ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇന്തോനേഷ്യയില്‍ വച്ച് ബൈഡനും ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ച ഒരു സാധ്യതയായിരുന്നു. എന്നാല്‍, ഹണ്ടര്‍ ബൈഡന്റെ ചൈനീസ് ബന്ധത്തിന്റെ പേരിലുള്ള ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ പക്ഷം ആ നീക്കത്തിനോട് നല്ല നിലയിലല്ല പ്രതികരിച്ചത്. സമീപകാലത്തെ 'ചാരബലൂണ്‍' സംഭവവികാസങ്ങള്‍ കൂടിയായതോടെ അത്തരം നീക്കങ്ങള്‍ ഇനി അടുത്ത കാലത്തൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുമാണ്. 

യു എസുമായുള്ള സഹകരണ സാധ്യത എത്രകണ്ട് കുറയുന്നോ ചൈന അത്രകണ്ട് മറ്റ് വഴികളും സാധ്യതകളും തേടും. അത് ചെന്നെത്തുക യു എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ വിടവുകള്‍ സൃഷ്ടിക്കുന്നതിലാവും. അമേരിക്കയെ സംബന്ധിച്ചിടത്തോളം യുക്രെയ്നിനും അപ്പുറത്ത് ഇന്നത്തെ ആഗോള സ്ഥിതിവിശേഷം ആവശ്യപ്പെടുന്നത് ഒരു പുതിയ തുടക്കമായിരിക്കാം.

Other News