ചൈനയില്‍ റോഡിലെ കുഴിയിലേക്ക് ബസ് മറിഞ്ഞ് ആറുപേര്‍ മരിച്ചു, 10 പേരെ കാണാനില്ല


JANUARY 14, 2020, 11:56 AM IST

ബെയ്ജിങ് :   ചൈനയില്‍ ബസ് റോഡിന് താഴെയുള്ള ഗര്‍ത്തത്തിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു, 10 പേരെ കാണാതായി. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ സൈനിങ്ങില്‍ തിങ്കളാഴ്ച വൈകുന്നേരം 5:30 ഓടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളുകള്‍ ബസിലേക്ക് കയറുന്നതിനിടെ ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളില്‍ ബസ് പകുതി ഭാഗം വായുവിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നത് കാണാം.

ചൈനയില്‍ 2016 ലും സമാന സംഭവുണ്ടായിരുന്നു. മധ്യ ഹെനാന്‍ പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ മൂന്നു പേര്‍ കുഴിക്കുള്ളില്‍ വീണിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മഴയെത്തുടര്‍ന്ന് റോഡിനടിയില്‍ കുഴിച്ചിട്ട ജല പൈപ്പുകള്‍ തകര്‍ന്നതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് കണ്ടെത്തി. 2013ല്‍ ഷെന്‍ഷെനിലെ വ്യവസായ എസ്റ്റേറ്റിന്റെ കവാടത്തിലെ 10 മീറ്റര്‍ (33 അടി) വീതിയുള്ള കുഴിയില്‍ വീണ് അഞ്ച് പേര്‍ മരിച്ചിരുന്നു.

Other News