വാള്‍സ്ട്രീറ്റ് ജേണലിന്റെ മൂന്ന് റിപ്പോര്‍ട്ടര്‍മാരോടു രാജ്യംവിടാന്‍ ഉത്തരവിട്ട് ചൈന


FEBRUARY 19, 2020, 10:55 PM IST

ബീജിങ്: വംശീയ പരാമര്‍ശമുള്ള ലേഖനം പ്രസിദ്ധീകരിച്ചെന്നാരോപിച്ച് അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ മൂന്ന് റിപ്പോര്‍ട്ടര്‍മാരോടു രാജ്യം വിടാന്‍ ചൈനയുടെ ഉത്തരവ്. ഫെബ്രുവരി മൂന്നിനു 'ചൈന ഈസ് ദി റിയല്‍ സിക്ക് മാന്‍ ഓഫ് ഏഷ്യ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഓപെഡിന്റെ തലക്കെട്ട് വംശീയ അധിക്ഷേപം നിറഞ്ഞതാണ്. കൊറോണ വൈറസിനെതിരായ ചൈനീസ് സര്‍ക്കാറിന്റെയും ജനതയുടെയും പ്രയത്‌നങ്ങളെ പഴിക്കുന്നതായിരുന്നു ലേഖനമെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനീസ് നടപടി. അമേരിക്കയില്‍ ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യു.എസ് തീരുമാനത്തിനു പിന്നാലെയാണ് ചൈനയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. 

അമേരിക്കന്‍ പൗരന്മാരായ ഡെപ്യൂട്ടി ബ്യൂറോ ചീഫ് ജോഷ് ചിന്‍, റിപ്പോര്‍ട്ടര്‍ ചാവോ ഡെങ് ആസ്‌ട്രേലിയക്കാരനായ റിപ്പോര്‍ട്ടര്‍ ഫിലിപ്പ് വെന്‍ എന്നിവര്‍ക്കെതിരെയാണ് ചൈനീസ് നടപടി. ഇവരോടു അഞ്ചു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് ചൈനയുടെ ഉത്തരവെന്നു ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജേണലിന്റെ ഓപെഡ് പേജില്‍ 'ചൈന ഈസ് ദി റിയല്‍ സിക്ക് മാന്‍ ഓഫ് ഏഷ്യ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം വംശീയ വിവേചനം നിറഞ്ഞതായിരുന്നുവെന്നു വിദേശ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. അതില്‍ ഖേദപ്രകടനം നടത്താന്‍ പത്രം തയ്യാറയതുമില്ല. അതിനാലാണ് വാള്‍ സ്ട്രീറ്റ് ജേണലിലെ ബിജീങ്ങിലുള്ള മൂന്നു റിപ്പോര്‍ട്ടര്‍മാരുടെ പ്രസ് കാര്‍ഡ് റദ്ദാക്കാന്‍ തീരുമാനിച്ചത്. കൊറോണ വൈറസിനെതിരെയുള്ള ചൈനീസ് സര്‍ക്കാറിന്റെയും ജനതയുടെയും പ്രയത്‌നങ്ങളെ ലേഖനം പഴിക്കുന്നതായും ഗെങ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 

എന്നാല്‍, രാജ്യം വിടാന്‍ പറഞ്ഞിരിക്കുന്ന മൂന്നു മാധ്യമപ്രവര്‍ത്തകരും വാള്‍സ്ട്രീറ്റിന്റെ വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ്. അവര്‍ എഡിറ്റോറിയലുമായോ ഒപ്പീനിയന്‍ കോളവുമായോ ബന്ധമുള്ളവരല്ല. ബാര്‍ഡ് കോളജ് പ്രൊഫസര്‍ വാള്‍ട്ടര്‍ റസല്‍ മിയഡ് ആണ് കൊറോണ വൈറസിനെതിരെ ചൈനീസ് സര്‍ക്കാര്‍ തുടക്കത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഓപെഡ് എഴുതിയത്. വുഹാന്‍ പ്രാദേശിക ഭരണകൂടം രഹസ്യമായും സ്വന്തമായും കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പിന്നീടുണ്ടായ പ്രവര്‍ത്തനങ്ങളെല്ലാം ഫലമില്ലാതെയാവുകയും ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 19-20 നൂറ്റാണ്ടില്‍ വിദേശ ശക്തികള്‍ രാജ്യത്തെ ചൂഷണം ചെയ്ത കാലത്തു ചൈനയെ പരാമര്‍ശിച്ചിരുന്ന പ്രയോഗമാണ് സിക്ക് മാന്‍ ഓഫ് ഏഷ്യ എന്നത്. അതായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. 

സിന്‍ഹുവ വാര്‍ത്ത ഏജന്‍സി, ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഉള്‍പ്പെടെ ചൈനീസ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെയാണ് ചൈനയുടെ നടപടി. ചൈനയുടെ അജണ്ട പ്രചാരണത്തിന്റെ ഭാഗമായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു ആരോപിച്ചായിരുന്നു അമേരിക്കന്‍ നടപടി. യുക്തിരഹിതവും അംഗീകരിക്കാനാവാത്തതുമായ നടപടിയെന്നായിരുന്നു അമേരിക്കന്‍ തീരുമാനത്തെ ചൈന വിമര്‍ശിച്ചത്.

Other News