ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖരെ പുറത്താക്കി


FEBRUARY 14, 2020, 1:22 AM IST

ബീജിങ്: കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രമുഖ നേതാക്കളെ പുറത്താക്കി. കൊറോണ സാരമായി ബാധിച്ച ഹുബെ പ്രവിശ്യയിലാണ് പുതിയ നേതൃത്വത്തെ കൊണ്ടുവന്നിരിക്കുന്നത്. ഹുബെ പ്രവിശ്യ സെക്രട്ടറി ജിയാങ് ഷാവോലിങ്ങിനെയും വുഹാന്‍ നഗരത്തിലെ പാര്‍ട്ടി സെക്രട്ടറി മാ ഗ്വോക്‌സിയാങിനെയുമാണ് നീക്കിയത്. മുന്‍ ഷാങ്ഹായ് മേയര്‍ യിങ അയെങ്ങാണ് ഹുബെ പ്രവിശ്യയുടെ പുതിയ പാര്‍ട്ടി സെക്രട്ടറി. മാ ഗ്വോക്‌സിയാങ്ങിനു പകരക്കാരനായി വാങ് ഷോങ് വുഹാനില്‍ സെക്രട്ടറിയാകുമെന്ന് സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

വൈറസ് വ്യാപനം തടയുന്നതില്‍ സര്‍ക്കാറിനു വീഴ്ച സംഭവിച്ചെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നതിനിടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. നേരത്തെ ആരോഗ്യ വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. വൈറസ് പടരുന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും ഭരണകൂടം പരാജയപ്പെട്ടതാണ് സ്ഥിതി ഇത്ര ഭീകരമാകാന്‍ കാരണമെന്നാണ് വിമര്‍ശനം. സര്‍ക്കാറിനും മറ്റു ഏജന്‍സികളും വീഴ്ച സംഭവിച്ചതായി കഴിഞ്ഞമാസം നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജീന്‍പിങ്ങും സമ്മതിച്ചിരുന്നു. 

ഡിസംബറില്‍ തന്നെ സാര്‍സിനു സമാനമായ വൈറസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍ ലീ വെന്‍ലിയാങ് വെളിപ്പെടുത്തിയിട്ടും സര്‍ക്കാര്‍ അതു നിഷേധിച്ചു. പകരം ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തു. പിന്നാലെ കൊറോണ രാജ്യത്തെയാകെ ബാധിച്ചു. ലീയും കൊറോണ ബാധിച്ചു മരിച്ചതോടെ സര്‍ക്കാറിനെതിരെ പരസ്യമായി ആളുകള്‍ പ്രതിഷേധിച്ചു. വുഹാനിലെ ഭീകരക ലോകത്തെ അറിയിച്ച സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെ കഴിഞ്ഞയാഴ്ച കാണാതായതോടെ വീണ്ടും പ്രതിഷേധം ഉയരുകയാണ്. അതിനിടെയാണ് പാര്‍്ട്ടി നേതൃത്വത്തിനെതിരെ നടപടിയെടുത്തു സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

Other News