ചൈനയുടെ ചാര പ്രവർത്തനങ്ങൾ യുഎസിന് ഭീഷണി വർദ്ധിപ്പിക്കുന്നു 


AUGUST 2, 2019, 2:17 PM IST

അമേരിക്കയുടെ ഇന്റലിജൻസ് സംവിധാനം ഉണർന്ന് പ്രവർത്തിക്കേണ്ട കാലമാണിത്. യുഎസ് ഗവണ്മെന്റിന്റെ രഹസ്യങ്ങൾ ചോർത്താനുള്ള വിപുലവും നിരന്തരവുമായ ശ്രമങ്ങൾ ചൈന നടത്തുന്നു എന്നതാണിതിന് കാരണം.

ദീർഘകാലാടിസ്ഥാനത്തിൽ യുഎസിന് നേർക്കുയരുന്ന ഏറ്റവും വലിയ തന്ത്രപ്രധാന ഭീഷണിയായി യുഎസ് നിയമപരിപാലന രംഗത്തെയും ഇന്റലിജൻസ് മേഖലയിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഇതിനെ കാണുന്നു. ഗവണ്മെന്റിന്റെ രഹസ്യങ്ങൾ ചോർത്തുന്നതിനു പുറമെ കോർപ്പറേറ്റ്, അക്കാഡമിക് സ്ഥാപനങ്ങളുടെ ബൗദ്ധിക സ്വത്തുക്കളും ഗവേഷണഫലങ്ങളും ചോർത്തിയെടുക്കുകയെന്നതും ചൈനയുടെ ലക്ഷ്യമാണ്.

അമേരിക്കൻ ഇന്റലിജൻസ് സംവിധാനത്തിനുള്ളിലേക്ക് നുഴഞ്ഞു കയറാനും ഉദ്യോഗസ്ഥരെ കുടുക്കാനുമൊക്കെയുള്ള ശ്രമങ്ങൾ നടക്കുന്നതായി ആഴ്ച്ചകൾക്ക് മുൻപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ചില ചാരവൃത്തി കേസുകളുടെ വിചാരണയാരംഭിച്ചുകഴിഞ്ഞുവെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ചൈനയിൽ നിന്നുമുള്ളതിനേക്കാൾ ഗുരുതരമായ ഇന്റലിജൻസ് ഭീഷണി മറ്റൊരിടത്തുനിന്നും ഇല്ലെന്നാണ് എഫ്ബിഐ ഉന്നതർ പറയുന്നത്. ചൈനയിലെ ഇന്റലിജൻസ് ഏജൻസികൾ, ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള കമ്പനികൾ, സ്വകാര്യ കമ്പനികളുടെ രൂപത്തിലുള്ളവ, ബിരുദ വിദ്യാർഥികൾ, ഗവേഷകർ തുടങ്ങിയ വിവിധ ഘടകങ്ങൾ ചൈനക്ക് വേണ്ടി പ്രവർത്തിക്കുന്നതായാണ് വിശ്വസിക്കപ്പെടുന്നത്.

ചൈന പരമ്പരാഗതമായി സാമ്പത്തിക ചാരവൃത്തിയിലാണ് ഏർപ്പെട്ടിരുന്നതെന്നും മുൻ ഇന്റലിജൻസ് ഓഫീസർമാരെ ലക്ഷ്യം വെക്കുന്നത് പുതിയൊരു പ്രവണതയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 2015ൽ യുഎസ് പേഴ്‌സണൽ  മാനേജുമെന്റ് ഓഫിസിൽ നിന്നും ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ പശ്ചാത്തല വിവരങ്ങളുൾപ്പടെ 20 മില്യണിലധികം ഫയലുകൾ മോഷ്ടിക്കപ്പെട്ടത് ഈ പുതിയ പ്രവണതയുമായി ബന്ധപ്പെട്ടതാണെന്നാണ് ഇന്റലിജൻസ് വിദഗ്ധർ തന്നെ പറയുന്നത്.

ഹാക്കിങ്ങിലൂടെയാണ് ചൈന അത് മോഷ്ടിച്ചതെന്നു യുഎസ് കുറ്റപ്പെടുത്തിയിരുന്നെങ്കിലും ചൈന അത് നിഷേധിക്കുകയാണ് ചെയ്തത്. യുഎസിനെതിരെ ചാരവൃത്തി നടത്തുന്നുവെന്ന  ആരോപണങ്ങൾ ചൈന നിഷേധിക്കുകയാണ്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥറുമായി രഹസ്യ ഇ മെയിൽ അക്കൗണ്ടുകളിലൂടെ ആശയ വിനിമയം നടത്തിയെന്ന കുറ്റത്തിന് ഒരു മുൻ യുഎസ് ഉദ്യോഗസ്ഥനെതിരെ  കഴിഞ്ഞ വർഷം കുറ്റം ചുമത്തിയിരുന്നു. അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള വിവരങ്ങൾ  കൈമാറിയെന്നാണ് ആരോപണം.

ഇത്തരം ആൾക്കാരെയാണ് ചൈനീസ് ഇന്റലിജൻസ് പണ്ടുമുതൽക്കുതന്നെ ലക്ഷ്യമിട്ടിരുന്നതെന്നു വിദഗ്ധർ പറയുന്നു. എന്നാലിപ്പോൾ തങ്ങളുടെ സ്വാധീനത്തിൽ അകപ്പെടുമെന്നു ചൈന മുമ്പ് കരുതിയിട്ടില്ലാത്ത ആൾക്കാരെയാണ് ചൈന റിക്രൂട്ട് ചെയ്യുന്നത്. പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. രഹസ്യ ആശയവിനിമയമാർഗങ്ങളും സ്വീകരിക്കുന്നു. കൂടുതൽ രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നതിനാണ് റിക്രൂട്ട് ചെയ്യുന്നവരോട് ആവശ്യപ്പെടുന്നത്.അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരമേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവരങ്ങൾ ചോരുന്നത്.

അത് സംബന്ധമായ കേബിളുകളും വൈറ്റ് പേപ്പറുകളുമുൾപ്പെട്ട രേഖകൾ നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യത ഇന്റലിജൻസ് വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ മാറാ ലാഗോയിലെ റിസോർട്ടിൽ അനധികൃതമായി പ്രവേശിച്ചതിന് ഒരു ചൈനീസ് വനിത അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ചൈനീസ് ചാരവൃത്തിയെക്കുറിച്ചുള്ള ആശങ്കകൾ വലിയ ഒരു വിഷയമായി ഉയർന്നുവന്നത്.ദേശീയ സുരക്ഷാ രഹസ്യങ്ങൾ,പ്രത്യേകിച്ചും നാവിക സേനയുടെ വിവരങ്ങൾ  ചൈന സൈബർ മോഷണം നടത്തുന്നതായി യുഎസ് ഉദ്യോഗസ്ഥർ പലപ്പോഴും ഭയാശങ്കയോടെ പറഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന നിലയിലുള്ള യുഎസിന്റെ സ്ഥാനം തുരങ്കം വെക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഒരു ദശകത്തിൽ സാമ്പത്തിക ചാരവൃത്തിയുമായി ബന്ധപ്പെട്ടഅവയിലേറെയും സൈബർ ഉപയോഗപ്പെടുത്തിയുള്ളതായിരുന്നുകേസുകളിൽ 90 ശതമാനത്തിൽ കൂടുതലും ചൈന ഉൾപ്പെട്ടതായിരുന്നുവെന്നു ജസ്റ്റിസ് ഡിപ്പാർട്ടുമെന്റിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

റഷ്യയുൾപ്പടെയുള്ള വിദേശ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയുടെ ചാരവൃത്തിയാണ് യുഎസിന് കൂടുതൽ ഭീഷണി ഉയർത്തുന്നതെന്ന് യുഎസ് അധികൃതർ  കരുതുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ കൂടുതൽ മനുഷ്യവിഭവങ്ങളും സാമ്പത്തിക വിഭവങ്ങളും ചൈനക്കുണ്ടെന്നുള്ളതുതന്നെയാണ് അതിന്റെ കാരണം.

ചൈനയുടെ ഭീഷണി എത്രത്തോളം വലുതാണെന്നത്  സംബന്ധിച്ച്  എഫ് ബി ഐ, നാഷണൽ സെക്യൂരിറ്റി ഏജൻസി, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റ് എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ സമീപ നാളുകളിൽ പരസ്യമായിത്തന്നെ സംസാരിക്കുന്നുണ്ട്. യുഎസിനുള്ളിൽത്തന്നെയുള്ളവരെ ഉപയോഗപ്പെടുത്തിയും സൈബർ മോഷണം വഴിയും ചൈന ഉയർത്തുന്ന വിദേശ ഭീഷണി  സമാനതകൾ ഇല്ലാത്തതാണെന്നു അടുത്തിടെ നടന്ന ഒരു സുരക്ഷാ സമ്മേളനം വിലയിരുത്തുകയുണ്ടായി.

'റഷ്യ ഒരു ചുഴലിക്കാറ്റുപോലെയാണ്. പെട്ടെന്ന് വരും രൂക്ഷവുമായിരിക്കും. ചൈന കാലാവസ്ഥാ  വ്യതിയാനംപോലെയാണ്. ദീർഘകാലമെടുക്കുകയും മന്ദഗതിയിൽ സർവ വ്യാപിയാകുകയും ചെയ്യും' എൻഎസ്എ യിലെ മുതിർന്ന സൈബർ സുരക്ഷാ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ഒരു വാർത്താമാധ്യമം പറഞ്ഞത് ഇങ്ങിനെയാണ്.

Other News