കുട്ടികള്‍ തെറ്റു ചെയ്താല്‍ രക്ഷിതാക്കള്‍ ശിക്ഷിക്കപ്പെടും; ചൈനയില്‍ പുതിയ നിയമം


OCTOBER 20, 2021, 7:14 AM IST

ബീജിഗ്: കുട്ടികള്‍ മോശം രീതിയില്‍ പെരുമാറുകയോ ക്രിമിനല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയോ ചെയ്താല്‍ മാതാപിതാളെ ശിക്ഷിക്കുന്ന പുതിയ നിയമ നിര്‍മാണം നടത്താനൊരുങ്ങി ചൈന. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക ക്ലാസുകളില്‍ പങ്കെടുക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

കുട്ടികള്‍ മോശമായി പെരുമാറുന്നതിന് പ്രധാന കാരണം വീട്ടില്‍ നിന്ന് കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങളും ശ്രദ്ധയും ലഭിക്കാത്തതുകൊണ്ടാണ്. അതിന് ഉത്തരവാദികള്‍ മാതാപിതാക്കളാണ്. അതിനാലാണ് ഇത്തരമൊരു ശിക്ഷാനടപടിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നതെന്ന് ചൈനീസ് പാര്‍ലമെന്റിന്റെ ഭാഗമായ ലെജിസ്ലേറ്റീവ് അഫയേഴ്‌സ് കമ്മിഷന്‍ വക്താവ് സാങ് ടീവീ വ്യക്തമാക്കി. ഇതിനായി തയ്യാറാക്കിയ കരട് ഈയാഴ്ച ചേരുന്ന പാര്‍ലമെന്റ് വിശകലനം ചെയ്യും.

കുട്ടികള്‍ക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, എന്നിവ ലഭ്യമാകുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ളില്‍ വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ ഗെയ്മുകളോടുള്ള അപകടകരമായ താത്പര്യം ഇല്ലാതാക്കുന്നതിനും നേരത്തെ ചൈന നിയമം പാസാക്കിയിരുന്നു.

കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ച ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്താന്‍ കര്‍ശന നിയമങ്ങളാണ് അടുത്തിടെയായി ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയ്മുകള്‍ കളിക്കുന്നതിനുള്ള സമയം ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മണിക്കൂര്‍ വീതമാണ്. കുട്ടികള്‍ക്കുള്ള ഹോം വര്‍ക്കിനും സ്‌കൂള്‍ വിട്ടതിന് ശേഷവും അവധി ദിവസങ്ങളിലുമുള്ള പ്രൈവറ്റ് ട്യൂഷനും സര്‍ക്കാര്‍ അടുത്തിടെ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.

Other News