ഹോങ്കോങ് പ്രതിക്ഷേധക്കാർക്ക് അഭയം നൽകുന്നത് കനേഡിയൻ പൗരന്മാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൈനീസ് നയതത്രജ്ഞൻ 


OCTOBER 17, 2020, 10:44 PM IST

ഒട്ടാവ:  ഹോങ്കോങ് പ്രതിഷേധക്കാര്‍ക്ക് അഭയം നല്‍കുന്ന കാനഡക്കെതിരെ വിവാദ പ്രസ്താവനയുമായി ചൈനീസ് നയതന്ത്രഞ്ജന്‍. കാനഡയുടെ നടപടി ഹോങ്കോങ്ങിലുള്ള കനേഡിയന്‍ പൗരന്മാരുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് ചൈനീസ് അംബാസിഡര്‍ കോങ്ങ് പ്യവു പത്രസമ്മേളനത്തിൽ  പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഹോങ്കോങ്ങിൽ ചൈനീസ് സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ദമ്പതികളെ കാനഡ അഭയാര്‍ത്ഥികളായി സ്വീകരിച്ചതിന് പിന്നാലെയാണ് കോങിന്റെ പ്രസ്താവന. കാനഡയുടെ നീക്കം ഹോങ്കോങ് പൗരന്മാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഹോങ്കോങ്ങിൽ നിന്നും നിരവധി പേര്‍ കാനഡയില്‍ അഭയം തേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

ഹോങ്കോങ്ങിലെ അക്രമികളായ ക്രിമിനലുകള്‍ക്ക് കാനഡ രാഷ്ട്രീയ അഭയം നല്‍കരുത്. കാരണം അങ്ങനെ ചെയ്താല്‍ അത് ചൈനയുടെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇടപെടലാകും, അദ്ദേഹം പറഞ്ഞു. ഹോങ്കോങ്ങിന്റെ സ്ഥിരതയും അഭിവൃദ്ധിയും കാനഡ ആഗ്രഹിക്കുന്നു എങ്കിൽ, അവിടെ കാനഡ പാസ്‌പോര്‍ട്ട് കൈവശമുള്ള മൂന്ന് ലക്ഷത്തിൽപരം ആളുകളുടെ ആരോഗ്യവും സുരക്ഷയുമാണ് വിഷയമെങ്കില്‍, അവിടെ പ്രവര്‍ത്തിക്കുന്ന നിരവധി കനേഡിയന്‍  കമ്പനികളെക്കുറിച്ച് ആലോചിക്കുന്നുവെങ്കില്‍ അക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങളെയാണ് പിന്തുണക്കേണ്ടത്, കോങ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതൊരു ഭീഷണിയാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അത് നിങ്ങളുടെ വ്യാഖ്യാനമാണെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

കാനഡ മനുഷ്യാവകാശത്തിനും കനേഡിയന്‍ പൗരന്മാരുടെ അവകാശത്തിനുമായി എന്നെന്നും നിലകൊള്ളുമെന്ന് ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി ബോധ്യപ്പെടുത്തുമെന്ന് ഫ്രാങ്കോയിസ് അറിയിച്ചു. കോങിന്റെ പ്രസ്താവന അസ്വീകാര്യവും  അസ്വസ്ഥതപ്പെടുത്തുന്നതുമാണ് എന്നും കാനഡയുടെ വിദേശകാര്യ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പി പ്രതികരിച്ചു.

അതിനുശേഷം ഹോങ്കോങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സമാന ചിന്താഗതിയുള്ള രാഷ്ട്രങ്ങളുമായി ചേർന്ന് മനുഷ്യാവകാശത്തിന്റെ പ്രാധാന്യം ചൈനയെ ബോധ്യപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

Other News