അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് വിരാമമായേക്കും


NOVEMBER 7, 2019, 8:36 PM IST

ബെയ്‌ജിങ്‌:അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് വിരാമമൊരുങ്ങുന്നു.ഇരുവിഭാഗവും ചുമത്തിയ നികുതികള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ടാഴ്ചയായി അമേരിക്കയും ചൈനയും നടത്തിയ ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് സുപ്രധാനമായ തീരുമാനം. ഇതോടെ കഴിഞ്ഞ കുറേ നാളുകളായി ഉടലെടുത്ത വ്യാപാര യുദ്ധത്തിന് ഒരു പരിധി വരെ അറുതിയാകുമെന്നാണ് പ്രതീക്ഷ.

നിലവിലെ കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയ തീരുവ ഘട്ടംഘട്ടമായി കുറക്കുമെന്ന് ചൈനീസ് വാണിജ്യമന്ത്രാലയം വക്താവ് ജിയോ ഫെങ് പറഞ്ഞു. എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

1560 കോടി ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉൽപന്നങ്ങള്‍ക്ക് മേല്‍ ഡിസംബര്‍ 15മുതല്‍ പുതിയ നികുതി ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ധാരണപ്രകാരം ഈ നികുതി അമേരിക്ക ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ചൈന.

സെപ്റ്റംബർ ഒന്ന് മുതല്‍ 1250 കോടി ഡോളര്‍ മൂല്യമുള്ള ഉൽപന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക നികുതിയില്‍ 15 ശതമാനം കുറക്കണമെന്നാണ് ചര്‍ച്ചയില്‍ ചൈന പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ 2500 ഡോളര്‍ മൂല്യമുള്ള ഉൽപന്നങ്ങള്‍ക്കുമേലുള്ള 25 ശതമാനം നികുതിയും കുറക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് എത്രത്തോളം യു എസ് അംഗീകരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈമാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവെക്കും.

Other News