ബഹിരാകാശ യാത്രക്കാർക്ക് അവസരങ്ങൾ തുറന്ന് ചൈന


SEPTEMBER 20, 2022, 9:44 AM IST

ബീജിംഗ്:  ബഹിരാകാശ വിനോദസഞ്ചാരം ലോകത്ത് ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍, അതില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് ചൈന. ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ) 2025-ഓടെ ബഹിരാകാശത്തേക്ക് സന്ദര്‍ശകരെ അയയ്ക്കുന്നതിനുള്ള പദ്ധതിക്കാണ് തയ്യാറെടുക്കുന്നത്. ഇതിനായുള്ള ബഹിരാകാശ വാഹനങ്ങളുടെ നിര്‍മ്മാണത്തിലാണ് ചൈന. യാത്രക്കാരന് ഏകദേശം 2-3 മില്യണ്‍ യുവാന്‍ വരെയാകും ചെലവ് പ്രതീക്ഷിക്കുന്നത്.

 ഹ്രസ്വമായ സബോര്‍ബിറ്റല്‍ ഫ്‌ലൈറ്റുകളില്‍ ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാനും സുരക്ഷിതമായി തിരികെ എത്തിക്കാനും ഈ വാഹനങ്ങള്‍ സഹായിക്കുന്നു. ഇതിനോടകം മൂന്ന് ബഹിരാകാശ യാത്രകള്‍ ഏറ്റെടുത്തതായി മുതിര്‍ന്ന ശാസ്ത്രജ്ഞനും ബെയ്ജിംഗ് ആസ്ഥാനമായുള്ള റോക്കറ്റ് കമ്പനിയായ സിഎഎസ് സ്പേസിന്റെ സ്ഥാപകനുമായ യാങ് യിക്യാങ്ങ് സിജിടിഎന്നിനോട് പറഞ്ഞു. 

ബഹിരാകാശ വിനോദസഞ്ചാര വിമാനങ്ങള്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഒറിജിന്‍ വിമാനത്തിന് സമാനമായിരിക്കും. ഇത് ഭൂമിയുടെ ഉപരിതലത്തിന് മുകളില്‍ 100 കിലോമീറ്റര്‍ ഉയരത്തിലേക്ക് ബഹിരാകാശ യാത്രികരെ കൊണ്ടുപോകുകയും കാര്‍മെന്‍ ലൈനില്‍ സ്പര്‍ശിക്കുകയും മടങ്ങുകയും ചെയ്യുന്നു. ഭൂമിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കര്‍മന്‍ രേഖ ബഹിരാകാശത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.

ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ചൈന പദ്ധതിയിടുമ്പോള്‍, ഭാവിയില്‍ ഇന്ത്യയും ഈ മേഖലയിലേക്ക് ചുവട് വയ്പ്പ് നടത്തിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ജെഫ് ബെസോസും റിച്ചാര്‍ഡ് ബ്രാന്‍സണും തങ്ങളുടെ കമ്പനിയുടെ സ്വയം വികസിപ്പിച്ച റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് പറത്തിയതോടെയാണ് ബഹിരാകാശ ടൂറിസം ലോകശ്രദ്ധയാകര്‍ഷിച്ചത്. 

ബെസോസിന്റെ ബ്ലൂ ഒറിജിന്‍ 2022-ല്‍ വിജയകരമായ മൂന്ന് പര്യടനം വിനോദസഞ്ചാരത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് നടത്തിയിരുന്നു. അതേസമയം ബ്രാന്‍സന്റെ വിര്‍ജിന്‍ ഗാലക്റ്റിക് അതിന്റെ ആദ്യ ദൗത്യത്തിന് ശേഷം മറ്റൊരു പര്യടനം നടത്തിയിട്ടില്ല. എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ഒട്ടും പിന്നിലല്ല. മസ്‌ക്കിന്റെ ഡ്രാഗണ്‍ ബഹിരാകാശ വാഹനം നാല് വിനോദസഞ്ചാരികളടങ്ങിയ സംഘത്തെ മൂന്ന് ദിവസത്തിലധികം സമയം ബഹിരാകാശത്ത് ചെലവഴിച്ച ശേഷമാണ് തിരികെ എത്തിച്ചത്. വരും മാസങ്ങളില്‍ ചന്ദ്രനുചുറ്റും ആദ്യത്തെ ടൂറിസ്റ്റ് ഫ്‌ലൈറ്റ് ആരംഭിക്കാന്‍ മസ്‌കിന്റെ സ്പേസ് എക്സ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ചന്ദ്രനില്‍ തങ്ങളുടെ കന്നി ദൗത്യം ഇറക്കാന്‍ ചൈനയുമായി കൈകോര്‍ത്തു. ചാന്ദ്ര ദൗത്യവുമായി സഹകരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും (എംബിആര്‍എസ്സി) ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനും (സിഎന്‍എസ്എ) യുഎഇ വികസിപ്പിച്ച് ചൈന ചന്ദ്രനിലേക്ക് എത്തിച്ച റാഷിദ്-2 എന്ന പേരില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ചൊവ്വയിലേക്ക് തങ്ങളുടെ ദൗത്യങ്ങള്‍ അയക്കുന്നതില്‍ വിജയിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കരാറാണിത്.

Other News