വെല്ലിങ്ടണ്‍: സ്ഥാനമൊഴിയാന്‍ തീരുമാനിച്ച ജസീന്ത ആര്‍ഡന്റെ രാജിപ്രഖ്യാപനത്തിന് ശേഷം ന്യൂസിലന്റില്‍ പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി നടപടി ആരംഭിച്ചു. ജസിന്ത മന്ത്രി സഭാംഗമായ ക്രിസ് ഹിപ്കിന്‍സ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള ഏക നാമനിര്‍ദേശം ക്രിസ് ഹിപ്കിന്‍സ് മാത്രമായിരുന്നു.
ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനായി ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി വിപ് ഡങ്കന്‍ വെബ് പ്രസ്താവനയില്‍ അറിയിച്ചു. രാജി പ്രഖ്യാപിച്ച ജസീന്ത ആര്ഡന് ഔദ്യോഗികമായി സ്ഥാനമൊഴിയുന്നതോടെ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്റിന്റെ പുതിയ പ്രധാനമന്ത്രിയാകും. വ്യാഴാഴ്ചയായിരുന്നു ജസീന്തയുടെ രാജിപ്രഖ്യാപനം.
ലേബര്‍ പാര്‍ട്ടി അംഗം മൈക്കല്‍ വുഡ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ക്രിസിന്റെ പേര് മാത്രമാണ് അവസാനം മുന്നിലേക്കെത്തിയത്. നിലവില്‍ ന്യൂസിലന്റ് മന്ത്രിസഭയില്‍ പൊലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുകയാണ് ക്രിസ് ഹിപ്കിന്‍സ്.
ഞങ്ങള്‍ അവിശ്വസനീയമാംവിധം ശക്തമായ ടീമാണെന്നാണ് കരുതുന്നതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഹിപ്കിന്‍സ് പ്രതികരിച്ചിരുന്നു. 'ഞങ്ങള്‍ ഐക്യത്തോടെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയത്, അത് തുടരും. ന്യൂസിലന്‍ഡിലെ ജനങ്ങളുടെ സേവനത്തില്‍ യഥാര്‍ത്ഥ പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസീന്തയുടെ വിശ്വസ്തരായ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ക്രിസ്, കൊവിഡ് പ്രതിസന്ധി സമയത്ത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. 44 കാരനായ ക്രിസ് 2008 മുതല്‍ പാര്‍ലമെന്റ് അംഗമാണ്.
അഞ്ചര വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് താന്‍ രാജിവെക്കുകയാണെന്ന് ജസീന്ത ആര്‍ഡേണ്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇനി രാജ്യത്തെ നയിക്കാനില്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കില്ലെന്നും അവര്‍ പറഞ്ഞു. 2017ല്‍ അധികാരമേറ്റപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കൂട്ട വെടിവയ്പ്പും കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടങ്ങളും കൈകാര്യം ചെയ്തതില്‍ ഇവര്‍ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു
ഫെബ്രുവരി 7 ന് ഹിപ്കിന്‍സ് ഗവര്‍ണര്‍ ജനറലിന് ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. തുടര്‍ന്ന് ചാള്‍സ് മൂന്നാമന് രാജാവിന് വേണ്ടി ഗവര്‍ണര്‍ ജനറല്‍ ഹിപ്കിന്‍സിനെ പ്രധാനമന്ത്രിയായി നിയമിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബറില്‍ ന്യൂസിലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അദ്ദേഹം എത്രകാലം അധികാരത്തിലിരിക്കുമെന്ന് വ്യക്തമല്ല.
15 വര്‍ഷമായി ജനപ്രതിനിധിയായ ഹിപ്കിന്‍സ്, മറ്റുള്ള നേതാക്കള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരു രാഷ്ട്രീയ ട്രബിള്‍ഷൂട്ടര്‍ എന്നാണ് അറിയപ്പെടുന്നത്. തന്റെ പാര്‍ട്ടി സമ്പദ്വ്യവസ്ഥയെ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുക എന്നതാണ് തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
ന്യൂസിലന്‍ഡില്‍ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന കുറവാണെങ്കിലും പണപ്പെരുപ്പം 7.2 ശതമാനമാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ന്യൂസിലന്‍ഡിലെ റിസര്‍വ് ബാങ്ക് ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 4.25 ശതമാനമായി ഉയര്‍ത്തി. ഇതോടെ ഈ വര്‍ഷം രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.