സി എന്‍ എന്‍ അവതാരക ഹിജാബ് ധരിച്ചില്ല; ഇറാന്‍ പ്രസിഡന്റ് അഭിമുഖം നല്‍കിയില്ല


SEPTEMBER 23, 2022, 9:15 PM IST

ടെഹ്‌റാന്‍: ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സി എന്‍ എന്നിന്റെ ചീഫ് ഇന്റര്‍നാഷണല്‍ ആങ്കര്‍ ക്രിസ്റ്റ്യന്‍ അമന്‍പൂറിന് ഇന്റര്‍വ്യൂ നല്‍കാതെ ഇറാനിയന്‍ പ്രസിഡന്റ്. ഇതിനെതിരെ ഒഴിഞ്ഞ കസേര ട്വീറ്റ് ചെയ്തുകൊണ്ട് ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ പ്രതിഷേധിച്ചു. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‌സ അമീനി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ ഇറാനിയന്‍ പ്രസിഡന്റിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയത്.

അഭിമുഖത്തിനായി പ്രസിഡന്റ് എത്തണമെങ്കില്‍ അവതാരക ഹിജാബ് ധരിക്കണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാന്‍ ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തനിക്ക് മുന്നിലുള്ള ഒഴിഞ്ഞ കസേരയുടെ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു.

മഹ്‌സ അമീനിയുടെ മരണത്തിന് ശേഷം സ്ത്രീകള്‍ അവരുടെ ഹിജാബുകള്‍ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഇറാനില്‍ ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് എട്ടു പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനാണ് താനെത്തിയതെന്നും യു എസ് മണ്ണില്‍ പ്രസിഡന്റ് റൈസിയുടെ ആദ്യ അഭിമുഖമായി ഇത് മാറുമായിരുന്നു.

ഇന്റര്‍വ്യൂവിന്റെ എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ച ശേഷവും ഇറാനിയന്‍ പ്രസിഡന്റ് വന്നില്ല. 40 മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രസിഡന്റിന്റെ സഹായി വന്ന് ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. താന്‍ വിനയപൂര്‍വം അത് നിരസിച്ചുവെന്നും ശിരോവസ്ത്രം സംബന്ധിച്ച് നിയമമോ പാരമ്പര്യമോ ഇല്ലാത്ത ന്യൂയോര്‍ക്കിലാണ് താനിരിക്കുന്നതെന്നും ശിരോവസ്ത്രം ധരിക്കില്ലെന്നും പറയേണ്ടി വന്നുവെന്നും ക്രിസ്റ്റ്യന്‍ അമന്‍്പൂര്‍ പറഞ്ഞു.

ഒരു മുന്‍ ഇറാനിയന്‍ പ്രസിഡന്റും ഇറാന് പുറത്ത് നടക്കുന്ന അഭിമുഖങ്ങളില്‍ അവതാരികയോട് ശിരോവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ അഭിമുഖം നടക്കില്ലെന്ന് സഹായി വ്യക്തമാക്കി. തുടര്‍ന്ന് അഭിമുഖം നടത്താനാകാതെ ഞാന്‍ അവിടെ നിന്ന് മടങ്ങുകയായിരുന്നു- ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ ട്വീറ്റ് ചെയ്തു.

പ്രതിഷേധം ശക്തമായതോടെ ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് ഇറാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാന്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ഇറാനില്‍ ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും ഉപയോഗിക്കാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News