ഓസ്‌ട്രേലിയയില്‍ കൊറോണ വാക്‌സിന്‍ പരീക്ഷണം 


MAY 26, 2020, 7:38 PM IST

കാന്‍ബെറ: കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ ഈ വര്‍ഷം പുറത്തിറക്കാനാവുമെന്ന പ്രതീക്ഷയില്‍ യു എസ് ബയോടെക്‌നോളജി കമ്പനി ഓസ്ട്രേലിയയില്‍ കൊറോണ വൈറസ് വാക്‌സിന്‍ കുത്തിവെയ്പ് തുടങ്ങി. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ 131 വോളന്റിയര്‍മാരെയാണ് നൊവാവാക്‌സ് കുത്തിവയ്ക്കുക. ഇതിലൂടെയാണ് വാക്‌സിന്‍ സുരക്ഷ പരിശോധിക്കുകയും ഫലപ്രാപ്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുകയെന്ന് കമ്പനിയുടെ ഗവേഷണ മേധാവി ഡോ. ഗ്രിഗറി ഗ്ലെന്‍ പറഞ്ഞു.

കൊറോണയ്‌ക്കെതിരായി ഒരു ഡസനോളം വാക്‌സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. ചൈന, യു എസ്, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഗവേഷണം കൂടുതല്‍ നടക്കുന്നത്. വ്യത്യസ്ത സാങ്കേതിക വിദ്യാകളാണ് ഇവയോരോന്നിലും പരീക്ഷിക്കപ്പെടുന്നത്. 

ഈ വര്‍ഷാവസാനത്തോടെ വാക്‌സിന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മെല്‍ബണില്‍ നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലെന്‍ പറഞ്ഞു. 

മൃഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുറഞ്ഞ അളവില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം കുറഞ്ഞത് 100 ദശലക്ഷം ഡോസും 2021ല്‍ ഒന്നര ബില്ല്യണും നോവാവാക്‌സിന് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

എന്‍വിഎക്‌സ്-കോവി 2373 എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍ 388 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചാണ് നോര്‍വേ ആസ്ഥാനമായ കോളിഷന്‍ ഫോര്‍ എപ്പിഡെമിക് ഗവേഷണം ചെയ്തത്. 

മെല്‍ബണ്‍, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ജൂലൈയില്‍ അറിയാനാവുമെന്ന് നോവവാക്‌സ് പറഞ്ഞു. പല രാജ്യങ്ങളിലെയും ആയിരക്കണക്കിന് പേരാണ് രണ്ടാംഘട്ട പരീക്ഷണത്തില്‍ പങ്കെടു്ക്കുക. 

മെല്‍ബണില്‍ ആറ് വോളന്റിയര്‍മാര്‍ക്ക് വാക്‌സിന്‍ കുത്തിവച്ചാണ് പരീക്ഷണം ആരംഭിച്ചതെന്ന് ഓസ്ട്രേലിയന്‍ സഹകാരി ന്യൂക്ലിയസ് നെറ്റ്വര്‍ക്കിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ പോള്‍ ഗ്രിഫിന്‍ പറഞ്ഞു.

മിക്ക പരീക്ഷണ വാക്‌സിനുകളും കൊറോണയുടെ പുറംഭാഗത്തെ സ്വാധീനിക്കുന്ന സ്‌പൈക്ക് പ്രോട്ടീനെ തിരിച്ചറിയാന്‍ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.

Other News