അപകീര്‍ത്തി കേസ്​: ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യ രെഹം ഖാന്​ അനുകൂല വിധി


NOVEMBER 14, 2019, 2:03 AM IST

 ലണ്ടന്‍: പാക്​ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ  മുന്‍ഭാര്യ രെഹം ഖാനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രസിദ്ധീകരിച്ച ചാനലിനെതിരെ യു കെ ഹൈകോടതി.രെഹം ഖാനെതിരെ മുന്‍ റെയില്‍വേ മന്ത്രി നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ച ചാനല്‍ ദുനി​യ ടി വി മാപ്പുപറയണമെന്നും നഷ്​ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രെഹം നിയമവ്യവഹാരത്തിന്​ ചെലവഴിച്ച തുക ചാനല്‍ നല്‍കണമെന്നും ഉത്തരവിലുണ്ട്​.

2018 ജൂണിലാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. ഇമ്രാന്‍ ഖാനെതിരെ വിവാദ വെളിപ്പെടുത്തല്‍ നടത്തി പുസ്​തകമെഴുതിയ രെഹമിനെതിരെ അന്നത്തെ റെയില്‍വേ മന്ത്രിയായ ​െശെ​ഖ്​ റഷീദ്​ അപകീര്‍ത്തി പരാമര്‍ശം നടത്തുകയായിരുന്നു. എതിര്‍ പാര്‍ട്ടിയായ പാകിസ്​താന്‍ മുസ്​ലിം ലീഗില്‍ നിന്നും പണം വാങ്ങിയ ശേഷമാണ്​ രെഹം ഇമ്രാ​നെതിരെ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍ നടത്തിയത്​ എന്നായിരുന്നു റഷീദിന്റെ  പ്രസ്​താവന.

പി എം എല്‍ പാര്‍ട്ടി നേതാവ്​ ശെഹ്​ബാസ്​ ശരീഫില്‍ നിന്നും രെഹം പണം വാങ്ങിയെന്നും മന്ത്രി ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ രെഹം നിഷേധിച്ചിട്ടും 24 മണിക്കൂര്‍ ഉറുദു വാര്‍ത്താ ചാനലായ ദുനിയ ടി വി ശൈഖ്​ റഷീദിന്റെ പ്രസ്​താവന പലതവണ പ്രസിദ്ധീകരിച്ചു. ഇത്​ ത​​ന്റെ അന്തസ്സിനെ കളങ്കപ്പെടുത്തി എന്നാരോപിച്ചാണ്​ രെഹം ചാനലിനെതിരെ അപകീര്‍ത്തി കേസ്​ കൊടുത്തത്​.

ഇമ്രാന് പല സ്ത്രീകളുമായി ലൈംഗികബന്ധം ഉണ്ടായിരുന്നു എന്നും അതുവഴി അഞ്ചു മക്കള്‍ ഉണ്ടായിട്ടുണ്ട് എന്നുമായിരുന്നു രെഹം ഖാന്‍ ത​​ന്റെ  ആത്​മകഥയില്‍ വെളിപ്പെടുത്തിയത്​. വിവാഹിതനായ ഒരു പുരുഷസുഹൃത്തുമായി ഇമ്രാന് സ്വവര്‍ഗപ്രണയമുണ്ടായിരുന്നു. 1970 കളിലെ ഒരു ബോളിവുഡ്‌ സൂപ്പര്‍നായികയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ഇമ്രാന്‍ വെളിപ്പെടുത്തിയതായും രെഹം പുസ്തകത്തില്‍ തുറന്നെഴുതിയിരുന്നു.

പാകിസ്​താന്‍ പൊതുതെരഞ്ഞെടുപ്പിനു  രണ്ടാഴ്ച ബാക്കി നില്‍ക്കെയാണ് വിവാദപുസ്തകം പുറത്തിറങ്ങിയത്​. ഈ സാഹചര്യത്തിലാണ്​ രെഹം പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയാണ്​ പുസ്​തകമെഴുതിയതെന്ന ആരോപണം ഉയര്‍ന്നത്​.

2015 ലായിരുന്നു ഇമ്രാനും രെഹം ഖാനും തമ്മിലുള്ള വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു .അധിക നാളുകള്‍ കഴിയും മുന്‍പേ ഇരുവരും വേര്‍പിരിയുകയും ചെയ്തു.

Other News