കോവിഡിന്റെ രണ്ടാം വരവ്: ആസ്‌ട്രേലിയയിലും സ്‌പെയിനിലും ലോക്ക്ഡൗണ്‍


JULY 5, 2020, 12:57 AM IST

കോവിഡിന്റെ രണ്ടാം വരവില്‍ ആശങ്കയോടെ ലോകം. ചൈനക്കു പിന്നാലെ സ്‌പെയിനിലും ആസ്‌ട്രേലിയയിലും ഉള്‍പ്പെടെ വീണ്ടും കോവിഡ് ബാധിതര്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം അവസാനിച്ചുവെന്ന് കരുതിയ രാജ്യങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം ഭീഷണിയായതോടെ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയാണ് മഹാമാരിയെ ആദ്യം വരുതിക്ക് നിര്‍ത്തിയത്. രാജ്യത്തെ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് വിപണി വീണ്ടും സജീവമായതിനു പിന്നാലെയാണ് കോവിന്റെ രണ്ടാം ഘട്ട വ്യാപനം റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്. ഒന്നും രണ്ടും പേര്‍ക്ക് കണ്ടുതുടങ്ങിയ രോഗം പിന്നീട് പത്തും പതിനഞ്ചിനപ്പുറം രോഗകളിലേക്ക് പടര്‍ന്നുപിടിച്ചു. അതോടെ, വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവന്നു ചൈനക്ക്. 

യൂറോപ്പില്‍ കോവിഡ് രൂക്ഷമായതോടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് സ്‌പെയിന്‍. കൂട്ടമരണങ്ങളുടെയും രോഗബാധിതരുടെയും കണക്കുകള്‍ പുതിയ റെക്കോഡ് തേടിക്കൊണ്ടിരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയായപ്പോഴാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത്. അതിനുപിന്നാലെ രോഗബാധിതരുടെയും മരണത്തിന്റെയും നിരക്ക് പിന്നെയും ഉയരാന്‍ തുടങ്ങി. രണ്ടാം ഘട്ടം വ്യാപനം എന്ന ആശങ്ക വര്‍ധിച്ചതോടെ ബാഴ്‌സലോണ ഉള്‍പ്പെട്ട കാറ്റലോണിയയില്‍ പ്രാദേശിക ഭരണകൂടം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 210000ലേറെ ആളുകളാണ് വീടുകളില്‍ തന്നെ കഴിയുന്നത്. സ്‌പെയിനില്‍ ഇതുവരെ 297,625 പേര്‍ക്കാണ് രോഗം ബാധിച്ചത്.  28,385 രോഗികള്‍ മരിച്ചു.  

ആസ്‌ട്രേലിയയിലും സ്ഥിതി വ്യത്യസ്തമല്ല. 8,362 പേര്‍ക്കാണ് ഇതുവരെ രോഗംബാധിച്ചത്. 705 പേര്‍ മരിച്ചു. പുതുതായി 115 പേര്‍ക്കുകൂടി രോഗം ബാധിച്ചു. രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന രോഗബാധയാണിത്. മെല്‍ബണില്‍ 23 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. മെല്‍ബണ്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പത് പാര്‍പ്പിട സുച്ചയങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ഡാനിയല്‍ ആന്‍ഡ്രൂസ് നിര്‍ദേശിച്ചു. ഓസ്‌ട്രേലിയയിലാകെ 8362 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. 104 പേരാണ് മരിച്ചത്.

Other News