പക്ഷിയിടിച്ച് യന്ത്രങ്ങള്‍ തകരാറിലായ റഷ്യന്‍ യാത്രാവിമാനം ചോളപ്പാടത്ത് ഇടിച്ചിറക്കി


AUGUST 19, 2019, 10:19 AM IST

മോസ്‌കോ: പക്ഷിയിടിച്ച് രണ്ട് എന്‍ജിനുകളും തകരാറിലായതിനെ തുടര്‍ന്ന് റഷ്യന്‍ വിമാനം ചോളപ്പാടത്ത് എമര്‍ജെന്‍സി ലാന്‍ഡിംഗ് നടത്തി.

233 യാത്രക്കാരുമായി ക്രൈമിയയിലേക്കു പുറപ്പെട്ട വിമാനമാണ് പൈലറ്റ് അതിസാഹസികമായി വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ചോളപ്പാടത്ത്  ഇറക്കിയത്. സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് നിസ്സാര പരുക്കേറ്റു. 

എന്‍ജിനുകള്‍ നിലച്ച് ചക്രങ്ങള്‍ താഴ്ത്താന്‍ കഴിയാത്ത നിലയിലും ആളപായമില്ലാതെ സുരക്ഷിതമായി വിമാനം ഇറക്കിയ പൈലറ്റ് ദാമിര്‍ യുസുപോവ് ഇതോടെ റഷ്യയുടെ പ്രിയങ്കരനായി മാറി.ഉറാല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 യാത്രാവിമാനമാണു വന്‍ദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

ഷുക്കോവ്സ്‌കി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടു നിമിഷങ്ങള്‍ക്കുള്ളില്‍ പക്ഷികളിടിച്ച് ഒരു എന്‍ജിന്‍ ഉടന്‍ തകരാറിലായി. വിമാനത്താവളത്തില്‍ തിരിച്ചിറക്കാമെന്നു കരുതിയെങ്കിലും രണ്ടാമത്തെ എന്‍ജിനും പണിമുടക്കിയതോടെ ചോളപ്പാടത്ത് ഇടിച്ചിറക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്ന് ദാമിര്‍ യുസുപോവ് (41) പറഞ്ഞു.

ഹെലികോപ്റ്റര്‍ പൈലറ്റിന്റെ മകനായ യുസുപോവ് അഭിഭാഷക വൃത്തി വേണ്ടെന്നുവച്ചാണ് 32 ാം വയസ്സിലാണു പൈലറ്റായത്.

Other News