ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പാപ്പരായി അടച്ചു പൂട്ടി; 20,000 ജീവനക്കാര്‍ തൊഴില്‍ രഹിതരായി


SEPTEMBER 23, 2019, 11:37 AM IST

ലണ്ടന്‍: 178 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടി.

ഇതോടെ കമ്പനിയിലെ 20,000 ജീവനക്കാരാണ് തൊഴില്‍ രഹിതരായത്. തോമസ് കുക്കിനെ പാപ്പരായും പ്രഖ്യാപിച്ചു. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി. അതേസമയം 'തോമസ് കുക്ക് ഇന്ത്യ'  വേറെ കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 178 വര്‍ഷം പഴക്കമുള്ള ബ്രട്ടീഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്ക് പാപ്പരായതായി പ്രഖ്യാപിച്ചത്. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാത്തതാണ് കാരണം.

കമ്പനിയുടെ നൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി ബ്രിട്ടനില്‍ തിരിച്ചറിക്കി. 20,000 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നഷ്ടമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതത് സ്ഥലങ്ങളില്‍ എത്തിക്കും. 20,000 കോടി രൂപയ്ക്കു തുല്യമായ കടമാണ് തോമസ് കുക്കിന് ഉള്ളത്.

2008ല്‍ സാമ്പത്തിക മാന്ദ്യത്തിനു തുടക്കം കുറിച്ച് അമേരിക്കയിലെ ലേ മാന്‍ ബ്രദേഴ്സ് ബാങ്ക് തകര്‍ന്നതിനു സമാനമായ സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. തോമസ് കുക്ക് ഇന്ത്യ 1975 മുതല്‍ പ്രത്യേക കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ല എന്നാണ് വിശദീകരണം

Other News