ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ചത് കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ക്യൂബ


JANUARY 13, 2021, 10:22 PM IST

ഹവാന: ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ക്യൂബ. ട്രംപ് സര്‍ക്കാര്‍ തങ്ങളുടെ പരാജയവും അഴിമതിയും മറച്ചുവെക്കാനാണ് ഭരണത്തിന്റെ അവസാനത്തില്‍ ക്യൂബയ്‌ക്കെതിരെ ആയുധം പ്രയോഗിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് മിഗേള്‍ ഡയാസ് കാനല്‍ ട്വീറ്റ് ചെയ്തു.  അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയാണ് ട്രംപ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യസന്ധതയില്ലാത്തതും ധാര്‍മികമായി അധഃപതിച്ചതുമായ അപമാനിതരായ പാപ്പരായ സര്‍ക്കാറിന്റെ അഹങ്കാരമാണിതെന്നും ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.അമേരിക്ക മുന്‍പ് ആസൂത്രണം ചെയ്ത ഭീകരവാദ നടപടികള്‍ ഭയാനകമായ മനുഷ്യ നാശത്തിനും വലിയ നാശനഷ്ടത്തിനും ഇടയാക്കിയിട്ടുണ്ടെന്നാണ് നാഷണല്‍ അസംബ്ലി ഓഫ് പീപ്പിള്‍സ് പവര്‍ ഓഫ് ക്യൂബ പ്രതികരിച്ചത്.അമേരിക്ക നേരത്തെ നടത്തിയ ഹീനമായ പ്രവര്‍ത്തിയെ തുടര്‍ന്ന് ക്യൂബയില്‍ 3478 പേരാണ് മരിച്ചത്. അംഗവൈകല്യമുള്ള 2099 പേരാണ് ഇതേതുടര്‍ന്ന് സൃഷ്ടിക്കപ്പെട്ടത്. ഇതിനെല്ലാം അമേരിക്ക ഉത്തരവാദികളാണെന്നും ക്യൂബന്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ക്യൂബയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും വഷളാക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി അനയാന്‍സി റോഡ്രിഗസ് പറഞ്ഞു.തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ സഹായം നല്‍കുന്നു എന്നാരോപിച്ചാണ് അമേരിക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ക്യൂബയ്ക്ക് ശക്തമായ താക്കീതാണെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇതേക്കുറിച്ച് പറഞ്ഞത്. തീവ്രവാദത്തിന്റെ സ്‌പോണ്‍സറാണ് ക്യൂബ എന്ന ആരോപണമാണ് ട്രംപ് ഭരണകൂടം ഉയര്‍ത്തിയിരിക്കുന്നത്. സിറിയ, ഇറാന്‍, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ക്യൂബ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ട്രംപ് ഭരണകൂടം ഉന്നയിക്കുന്നുണ്ട്.

Other News