കോവിഡിന്റെ ഡെല്‍റ്റ വകഭേദം 85 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന


JUNE 25, 2021, 8:03 AM IST

ജനീവ: കോവിഡിന്റെ ജനിതക മാറ്റം വന്ന അതി തീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇതില്‍ 11 രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് വൈറസിന്റെ ആല്‍ഫാ വകഭേദം 170 രാജ്യങ്ങളിലും ബീറ്റ വകഭേദം 119 രാജ്യങ്ങളിലുമാണ് സ്ഥിരീകരിച്ചത്. ഗാമ വകഭേദം സ്ഥിരീകരിച്ചത് 71 രാജ്യങ്ങളിലാണ്. ആല്‍ഫാ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങള്‍ വിവിധ ലോകരാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. കഴിഞ്ഞയാഴ്ച ലോകത്ത് ഏറ്റവും അധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിവാര കോവിഡ് എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 4,4,976 പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ച മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Other News