ഗ്രീൻലാൻഡ് വിൽക്കാനില്ലെന്നു ഡെൻമാർക്ക്, വഷളത്തമെന്ന് ട്രംപ്; കൂടിക്കാഴ്‌ചയ്‌ക്കില്ല   


AUGUST 22, 2019, 2:09 AM IST

കോപ്പൻഹേഗൻ:ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് വിൽക്കാൻ താൽപര്യമില്ലെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സൻ അസന്ദിഗ്‌ധമായി വ്യക്തമാക്കി.തുടർന്ന് മെറ്റെയുമായി നിശ്ചയിച്ച കൂടിക്കാഴ്‌ചയിൽ നിന്ന് യു എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പിന്മാറി.മുൻനിശ്ചയ പ്രകാരമുള്ള കൂടിക്കാഴ്‌ച 'മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ചതായി' ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു.ഡാനിഷ് നിലപാടിനെ വഷളത്തം എന്ന് വിമർശിക്കാനും ട്രംപ് മുതിർന്നു.

വൻതോതിൽ ധാതുനിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന ഗ്രീൻലാൻഡ് വടക്കേ അറ്റ്‌ലാന്റിക് സമുദ്രത്തിനും ആർട്ടിക് സമുദ്രത്തിനുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കേ അമേരിക്കൻ വൻകരയുടെ ഭാഗമായാണ് എണ്ണപ്പെടുന്നതെങ്കിലും 2,166,086 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ ദ്വീപ് ഡെൻമാർക്കിന്റെ നിയന്ത്രണത്തിലാണ്. ഭൂവിസ്‌താരത്തിൽ മിക്ക ലോകരാജ്യങ്ങളേക്കാളും വലിപ്പമുണ്ടെങ്കിലും അരലക്ഷത്തോളം മാത്രമാണ് ഇവിടത്തെ ജനസംഖ്യ. ആഭ്യന്തര കാര്യങ്ങൾ സ്വന്തമായി നോക്കുന്ന ഇവർക്ക് സ്വന്തമായി പ്രധാനമന്ത്രിയുമുണ്ട്. 

ഗ്രീൻലാൻഡിൽ വ്യോമതാവളമുണ്ട് അമേരിക്കയ്ക്ക്.ഗ്രീൻലാൻഡിനെ തങ്ങളുടെ ഭാഗമായി നിലനിർത്താൻ ഡെൻമാർക്കിന് പ്രതിവർഷം 70 കോടി ഡോളർ ചെലവുണ്ടെന്നും അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള ഇടമാണിതെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ദ്വീപ് കൈമാറുകയാണെങ്കിൽ ഡെൻമാർക്കിനെ സഹായവും സംരക്ഷണവും അദ്ദേഹം വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.

ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കം അവിടത്തെ വിഭവങ്ങൾ ലക്ഷ്യം വച്ചുള്ളതാണെന്ന് ആരോപണമുണ്ടായിരുന്നു. ദ്വീപിലെ ഒരു ഗ്രാമത്തിനു നടുവിൽ ട്രംപിന്റെ പേരിലുള്ള കൂറ്റൻ കെട്ടിടം നിൽക്കുന്ന ഫോട്ടോഷോപ്പ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തു. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചുകൊണ്ട് 'ഗ്രീൻലാൻഡിനോട് ഞാനിത് ചെയ്യില്ല എന്ന് വാഗ്‌ദാനം ചെയ്യുന്നു' എന്ന് ട്രംപ് വ്യക്തമാക്കി.

ഭൂമിയിലെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് ഇടപാട് എന്നു വിശേഷിപ്പിക്കപ്പെട്ട ട്രംപിന്റെ ആഗ്രഹത്തെ ഡെൻമാർക്ക് ഒരു നിലയ്ക്കും അംഗീകരിച്ചില്ല. ഗ്രീൻലാൻഡ് വിൽക്കാനുള്ളതല്ല എന്നായിരുന്നു ദ്വീപിന്റെ പ്രധാനമന്ത്രി കിം കീൽസൻ വ്യക്തമാക്കിയത്. ട്രംപിന്റെ താൽപര്യത്തെ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ 'അസംബന്ധം' എന്നു വിശേഷിപ്പിക്കുകയും ചെയ്‌തു.അമേരിക്കയുമായി അടുപ്പം സൂക്ഷിക്കുന്നുണ്ടെങ്കിലും ദ്വീപ് വിട്ടുകൊടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നേയില്ലെന്ന് അവർ വ്യക്തമാക്കി. ഡെൻമാർക്കിലെ മറ്റു രാഷ്ട്രീയ നേതാക്കളും മെറ്റെയുടെ നിലപാട് തന്നെയാണ് കൈക്കൊണ്ടത്.

ഇതിനു പിന്നാലെയാണ് ഗ്രീൻലാൻഡിൽ നടത്താൻ നിശ്ചയിച്ച കൂടിക്കാഴ്‌ചയിൽ നിന്ന് പിന്മാറുന്നതായി ട്രംപ് വ്യക്തമാക്കിയത്. നല്ല മനുഷ്യരുള്ള വളരെ പ്രത്യേകതയുള്ള രാജ്യമാണ് ഡെൻമാർക്ക് എന്നും എന്നാൽ, ഗ്രീൻലാൻഡ് വിൽക്കുന്ന കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന് താൽപര്യമില്ലാത്തതിനാൽ രണ്ടാഴ്‌ചക്കിടെ നടത്താനിരുന്ന കൂടിക്കാഴ്‌ച നീട്ടിവയ്ക്കുന്നതായും ട്രംപ് ട്വീറ്റ് ചെയ്‌തു.മെറ്റെ ഫ്രെഡറിക്‌സൻ ഗ്രീൻലാൻഡിൽ എത്തിയിരുന്നെങ്കിലും, ട്രംപിനെ കാണാൻ വേണ്ടിയല്ല താൻ വന്നതെന്ന് അവർ വ്യക്തമാക്കി.

Other News