പ്രതിസന്ധിയില്‍ വലയുന്ന അഫ്ഗാനിസ്ഥാനില്‍ രോഗങ്ങളും വര്‍ധിക്കുന്നു


AUGUST 10, 2022, 10:45 PM IST

കാബൂള്‍: ഭരണമാറ്റവും പ്രകൃതി ദുരന്തവും പ്രതിസന്ധി തീര്‍ത്ത അഫ്ഗാനിസ്ഥാനില്‍ വിവിധ പകര്‍ച്ച വ്യാധികള്‍ പിടിമുറുക്കുന്നു. അക്യൂട്ട് വാട്ടറി ഡയേറിയ (എ ഡബ്ല്യു ഡി), അഞ്ചാംപനി, കോംഗോ പനി, ഡെങ്കിപ്പനി എന്നിവയാണ് കോവിഡ് 19നൊപ്പം അഫ്ഗാനിസ്ഥാനില്‍ പടന്നു പിടിക്കുന്നത്. ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അക്യൂട്ട് വാട്ടറി ഡയേറിയ കേസുകളില്‍ രാജ്യവ്യാപകമായി ഗണ്യമായ വര്‍ധനവുണ്ടായെന്ന് ലോകാരോഗ്യ സംഘനട പറഞ്ഞതായി അഫ്ഗാനിലെ പ്രാദേശിക മാധ്യമ പോര്‍ട്ടല്‍ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍, പക്തിയ, ഖോസ്ത്, പക്തിക, കാണ്ഡഹാര്‍, സാബുല്‍ എന്നീ പ്രവിശ്യകളിലായി ഏകദേശം 19,050ലധികം അക്യൂട്ട് വാട്ടറി ഡയേറിയ കേസുകള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ പ്രവിശ്യകളില്‍ തുടര്‍ച്ചയായി അഞ്ചാംപനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്ഥാനില്‍ ആകെ 64,654 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്.

തെക്ക്, തെക്കുകിഴക്ക്, കിഴക്ക്, മധ്യ മേഖലകളിലെ 13 പ്രവിശ്യകളിലായി കോംഗോ പനി അഥവാ ക്രിമിയന്‍- കോംഗോ ഹെമറേജിക് ഫീവര്‍ (സി സി എച്ച് എഫ്) പടര്‍ന്നുപിടിച്ചിട്ടുണ്ട്. കോംഗോ പനിയുടെ 229 കേസുകളും ആറ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

2022 ജൂലൈ മാസത്തില്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പുതിയ ഡെങ്കിപ്പനി കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായും ലോകാരോഗ്യ സംഘടന പറയുന്നു.

Other News