കശ്മീര്‍ പ്രശ്‌നത്തില്‍ വാക്കുകള്‍ മയപ്പെടുത്തണമെന്ന് ഇമ്രാനോട് ട്രമ്പ്


AUGUST 20, 2019, 12:02 PM IST

ന്യൂഡല്‍ഹി: '' എന്റെ രണ്ട് സുഹൃത്തുക്കളോട് ഫലപ്രദമായി സംസാരിച്ചു. കാശ്മീര്‍ പ്രശ്‌നം സങ്കീര്‍ണ്ണമാണെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ അത് പരിഹരിക്കണം.'' നരേന്ദ്രമോഡിയോടും ഇമ്രാന്‍ഖാനോടും നടത്തിയ ഫോണ്‍സംഭാഷണത്തിനുശേഷം പ്രസിഡന്റ് ട്രമ്പ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇത്. ഇമ്രാന്‍ഖാന്റെ വാചാടോപം സമാധാനപ്രക്രിയയെ സഹായിക്കില്ലെന്ന് നരേന്ദ്രമോഡി ട്രമ്പിനോട് ഫോണില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് ട്രമ്പ് ഇമ്രാനെ വിളിച്ചുവെന്നും വാക്കുകള്‍ മയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

 ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയ്ക്ക് പിറകെയുണ്ടായ സംഭവവികാസങ്ങളും  അഫ്ഗാനിലെ പാക്ക് ഇടപെടലും ചര്‍ച്ചചെയ്യാനാണ് പ്രസിഡന്റ് ട്രമ്പ് മോഡിയെ ഫോണില്‍ ബന്ധപ്പെട്ടത്. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നടത്തുന്ന വാക്‌പോര് അരമണിക്കൂര്‍ നീണ്ടുനിന്ന സംസാരത്തില്‍ ചര്‍ച്ചയായി.

മേഖലയിലെ ഒരു രാഷ്ട്രതലവന്‍ ഇന്ത്യക്കെതിരെ നടത്തുന്ന വാചാടോപവും അക്രമത്തിനുള്ള ആഹ്വാനവും ഒരു തരത്തിലും സമാധാനപ്രക്രിയയെ സഹായിക്കില്ലെന്ന് മോഡി ട്രമ്പിനെ അറിയിച്ചു. ഇമ്രാന്‍ഖാന്റെ പ്രസ്താവനകളെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു മോഡിയുടെ പരാമര്‍ശം. എന്നാല്‍ ദാരിദ്രത്തിനും നിരക്ഷരതയും നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള യുദ്ധത്തില്‍ ഏതൊരാളാടും സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണ്. അതേസമയം ഇമ്രാന്‍ഖാന്‍ നടത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. മോഡി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റം ദ്രുതഗതിയിലാക്കാന്‍ താലിബാനുമായി സമാധാനക്കരാറുണ്ടാക്കാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് കഴിഞ്ഞദിവസം തിരിച്ചടി നേരിട്ടിരുന്നു. കാബൂളിലുണ്ടായ വന്‍ബോംബുസ്‌ഫോടനമാണ് സമാധാന ചര്‍ച്ചകള്‍ അട്ടിമറിച്ചത്. അതേസമയം  ബോംബുസ്‌ഫോടനം നടത്തിയത് ഒരു പാക്കിസ്ഥാന്‍ പൗരനാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രമ്പ് മോഡിയുമായി ഫോണില്‍ സംസാരിച്ചത്.

താന്‍ കാശ്മീരിന്റെ അംബാസിഡറാവുകയാണെന്നും അന്താരാഷ്ട്ര വേദികളിലെല്ലാം താന്‍ കാശ്മീര്‍ പ്രശ്‌നം അവതരിപ്പിക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.എന്നുമാത്രമല്ല, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ ഇമ്രാന്‍ ഖാന്‍ മോഡി സര്‍ക്കാറിനെ നാസി ഭരണകൂടത്തോട് ഉപമിക്കുകയും ഇന്ത്യയിലും കാശ്മീരിലും മുസ്ലിം ജനതയുടെ വംശഹത്യയാണ് മോഡിയുടെ ലക്ഷ്യമെന്ന് ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് കാശ്മീരില്‍ യു.എസിന്റെ ഇടപെടല്‍ ഉറപ്പിക്കുന്നതിനായി യു.എസിലെ പാക്കിസ്ഥാന്‍ സ്ഥാനപതി  ഇന്ത്യയ്‌ക്കെതിരെ യുദ്ധാഹ്വാനവും നടത്തി.

ഇന്ത്യയുടെ അവിഭാജ്യഘടകമായ കാശ്മീര്‍ അന്താരാഷ്ട്രവത്ക്കരിക്കുന്നതിന് ഇന്ത്യ എതിരാണ്. നേരത്തെ കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാനുള്ള ട്രമ്പിന്റെ സന്നദ്ധത ഇന്ത്യ തള്ളിയിരുന്നു. ഇപ്പോള്‍ നടന്ന ഫോണ്‍സംഭാഷണത്തിലും കാശ്മിര്‍ പ്രശ്‌നം ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നത്.

Other News