ട്രംപ് ബുദ്ധിമാന്ദ്യം സംഭവിച്ച കിളവനെന്ന്  ഉത്തരകൊറിയ വീണ്ടും


DECEMBER 6, 2019, 5:30 PM IST

സിയോള്‍: സിംഗപ്പൂര്‍ ഉച്ചകോടിയോടെ വാക്ശരങ്ങളെയുന്നത് നിര്‍ത്തി മര്യാദക്കാരായി മാറിയിരുന്ന യു.എസും അമേരിക്കയും വീണ്ടും തെറ്റുന്നു. ട്രംപ് ബുദ്ധിമാന്ദ്യം സംഭവിച്ച കിളവനാണെന്ന് ഉത്തരകൊറിയ ആവര്‍ത്തിച്ചു. തങ്ങള്‍ നടത്തിയ സൈനികാഭ്യാസത്തെ ട്രംപ് വിമര്‍ശിച്ചതാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ബുദ്ധിമാന്ദ്യം സംഭവിച്ച കിളവന്‍ വീണ്ടും മോശമായ അവസ്ഥയിലേയ്ക്ക് മടങ്ങിയെത്തിയെന്ന് ഉത്തരകൊറിയന്‍ വിദേശമന്ത്രാലയം പ്രതികരിക്കുകയായിരുന്നു. 

2017 ല്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ട്രംപിനെ കിംഗ് ജോങ് ഉന്‍ ബുദ്ധിമാന്ദ്യം സംഭവിച്ചയാള്‍ എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. മാത്രമല്ല ബുദ്ധിഭ്രംശം സംഭവിച്ച കിളവനെന്നര്‍ത്ഥം വരുന്ന ഡൊട്ടാര്‍ഡ് (dotard) എന്നും ഉന്‍ ട്രംപിനെ വിശേഷിപ്പിച്ചു.പിന്നീട് സിംഗപ്പൂരില്‍ കഴിഞ്ഞവര്‍ഷം ഉച്ചകോടിയ്ക്കായി ഇവര്‍ എത്തുകയും പരസ്പരം കൂടിക്കാഴ്ച നടത്തി പിരിയുകയും ചെയ്തു. വീണ്ടും ഉച്ചകോടിയ്ക്കായി ഇരുനേതാക്കളും വിയറ്റ്‌നാമില്‍ ഒരുമിക്കുമെന്നവാര്‍ത്തകള്‍ക്കിടയിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകളുണ്ടായിരിക്കുന്നത്. 

നേരത്തെ നോര്‍ത്ത്,സൗത്ത് കൊറിയകളുടെ അതിര്‍ത്തിയിലുള്ള സൈനികരഹിതമായ സ്ഥലത്ത് ഇരുരാഷ്ട്രങ്ങളുടേയും നേതാക്കള്‍ പരസ്പരം കണ്ടതും സമാധാന പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. എന്നാല്‍ ഉത്തരകൊറിയ  മിസൈല്‍ പരീക്ഷണം തുടങ്ങിയതോടെ ഇവിടം വീണ്ടും സംഘര്‍ഷഭരിതമായിരിക്കയാണ്.