മലേഷ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട;  പിടിച്ചെടുത്തത് 161 മില്യന്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 3700 കിലോ മയക്കുമരുന്നുകള്‍


AUGUST 23, 2019, 11:31 AM IST

കുലാലംപൂര്‍: മലേഷ്യയില്‍ വന്‍ മയക്കുമരുന്നു വേട്ട. കെറ്റാമൈന്‍,കൊക്കൈയ്ന്‍ എന്നിവ ഉള്‍പ്പെ 3700 കിലോ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് മലേഷ്യന്‍ അധികൃതര്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയത്.

വിപണിയില്‍ ഏകദേശം 161 മില്യന്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഈ മയക്കുമരുന്ന് വേട്ട രാജ്യത്ത് ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലുതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

467 കിലോ കെറ്റാമൈന്‍ ചാക്കുകളില്‍ നിറച്ച നിലയിലാണ് കുലാലംപൂരിന്റെ പ്രാന്തത്തിലുള്ള പുന്‍കാക് ആലം ഏരിയയിലെ കടയില്‍ നിന്ന് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പിടികൂടിയവരെ ചോദ്യം ചെയ്തപ്പോളാണ് മറ്റൊരു കടയില്‍ 3200 കിലോ കൊക്കൈയ്ന്‍ ശേഖരിച്ചുവച്ചതിനെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്.

മാരക മയക്കുമരുന്നായ കെറ്റാമൈന്‍ പാക്കിസ്ഥാനില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കടത്തിക്കൊണ്ടുവന്നതാണെന്നാണ് വിവരം. കൊക്കൈയ്ന്‍ ഇക്കഡോറില്‍ നിന്നുകടത്തിയതാണെന്നും കരുതുന്നുവെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ പാഡി അബ്ദുല്‍ ഹാലിം അറിയിച്ചു. 

മയക്കുമരുന്നു ശേഖരം മലേഷ്യവഴി മറ്റേതോ രാജ്യത്തിലേക്ക് കടത്താന്‍ ഉദ്ദേശിച്ചു കൊണ്ടുവന്നതാകാനാണ് സാധ്യതയെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

Other News