എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചതിന് ജയിലിലായ മനുഷ്യാവകാശ അഭിഭാഷകയെ മരിച്ചനിലയില്‍ കണ്ടെത്തി


JULY 6, 2019, 1:20 PM IST

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്ക്കാരെ വംശീയമായി അധിക്ഷേപിച്ചതിന് ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്ന ഐറിഷ് മനുഷ്യാവകാശ അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയായ സൈമണ്‍ ബേണ്‍സിനെയാണ് ആണ് ഇംഗ്ലണ്ടിലെ സസെക്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ആറ് മാസത്തെ ജയില്‍ വാസത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ബേണ്‍സ് മരണപ്പെട്ടത്.

കഴിഞ്ഞ ഏപ്രിലില്‍ മുംബൈയില്‍ നിന്നും ലണ്ടനിലേയ്ക്കുള്ള ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ മദ്യപിച്ച് ലക്ക് കെട്ട ബേണ്‍സ് എയര്‍ ഇന്ത്യ ജീവനക്കാരെ കേട്ടലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിക്കുകയായിരുന്നു. ആവശ്യപ്പെട്ട കൂടുതല്‍ മദ്യം നല്‍കാത്തതും ടോയ്‌ലറ്റില്‍ പുകവലിയ്ക്കാന്‍ ശ്രമിച്ചതും  ഇവരെ പ്രകോപിതയാക്കി.തുടര്‍ന്ന് താനൊരു മനുഷ്യാവകാശ പ്രവര്‍ത്തകയാണ് എന്ന് പറഞ്ഞ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇവര്‍ ക്രൂവിനെ തെറിവിളിക്കുകയായിരുന്നു. ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.

ഒരുവേളയില്‍ വനിതാ ക്രൂവിനെ കയ്യേറ്റം നടത്താനും തുനിഞ്ഞു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പ്രശ്‌നം ദേശീയ ചര്‍ച്ചയാവുകയും ലണ്ടനിലെത്തിയ ഉടന്‍ ഇവര്‍ അറസ്റ്റിലാവുകയുമായിരുന്നു.