പാകിസ്താന്റെ വീക്ഷണങ്ങള്‍ മാറ്റിമറിച്ച് പശ്ചിമേഷ്യയിലെ സംഭവങ്ങള്‍


SEPTEMBER 19, 2022, 11:11 PM IST

ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ്, യു എസിലെ 9/11 ആക്രമണം മുസ്‌ലിം സമൂഹത്തില്‍ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തിന് തുടക്കമിട്ടു. രാഷ്ട്രീയ സംഘട്ടനത്തിലും പ്രബലമായ മതചിന്തയിലും ആഴത്തില്‍ വേരോടിയതെന്ന് വിശ്വസിക്കപ്പെടുന്ന അല്‍ ഖ്വയ്ദ പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രമായി പശ്ചിമേഷ്യയാണ് വൈകാരികമായി കരുതിയിരുന്നത്. തുടര്‍ വര്‍ഷങ്ങളില്‍ അറബ് വസന്തം സംഭവിച്ചെങ്കിലും മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ജനാധിപത്യത്തിലേക്കുള്ള മാറ്റം വലിയ തോതില്‍ സംഭവിച്ചില്ലെന്ന് മാത്രമല്ല പരാജയപ്പെടുകയും ചെയ്തു. ഇപ്പോള്‍, ഗള്‍ഫ് രാജവാഴ്ചകള്‍ ജനാധിപത്യ പ്രക്രിയ കൊണ്ടുവരുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. പ്രതീക്ഷിച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുമുണ്ട്. 

പശ്ചിമേഷ്യയിലെ രാജവാഴ്ചകള്‍ വിഭാവനം ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന 'മാറ്റ'ത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ ചെലവ് കുറവാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇത് ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹങ്ങളെ മാറ്റിമറിക്കുകയും ചെയ്യും. സൗദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ഇസ്രായേലും യു എ ഇയും തമ്മിലുള്ള അബ്രഹാം ഉടമ്പടിയും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണയില്‍ വളരെക്കാലമായി തഴച്ചുവളരുന്ന മുസ്‌ലിം സമൂഹങ്ങളിലെ മൗലിക വിഭാഗങ്ങളെ പ്രതിരോധിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് പലരും പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള അവകാശവാദത്തിന് അനുഭവപരമായ തെളിവുകള്‍ ഇല്ലെങ്കിലും 'മാറ്റ പ്രക്രിയ'യുടെ വേഗതയും ഫലവും അതിന്റെ സാധൂകരണം എളുപ്പമാക്കും.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ പാകിസ്ഥാനിലെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രവണതകളെയും സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയപരമായി അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഉയര്‍ച്ചയും, ഇറാനിലെ രാഷ്ട്രീയ മാറ്റങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുന്ന വര്‍ഗീയ വിദ്വേഷവുമെല്ലാം ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ഇവയും കൂടി ചേരുന്ന മറ്റ് ബാഹ്യഘടകങ്ങളും അവയോടുള്ള ഭരണകൂടത്തിന്റെ പ്രതികരണവും രാജ്യത്തിന്റെ സാമൂഹിക- രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വീക്ഷണത്തെ സാവധാനം മാറ്റിമറിക്കുന്നു. പെട്ടെന്ന് പ്രത്യക്ഷപ്പെടില്ലെങ്കിലും ഈ മാറ്റം മതചിന്തയെ പുനര്‍നിര്‍മ്മിക്കുക മാത്രമല്ല സമൂഹത്തിലെ തീവ്രവാദത്തിന്റെ ഭാവി പ്രവണതകളെ നിര്‍ണ്ണയിക്കുകയും ചെയ്യും. ഭരണത്തിലില്ലാത്തവരും മതഗ്രൂപ്പുകളും അധികാര രംഗത്തെ പ്രമുഖരുമെല്ലാം മേഖലയിലെ മാറ്റങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും അതിനനുസരിച്ച് അവരുടെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും.

ഗള്‍ഫ് മേഖലയില്‍ പാക്കിസ്ഥാന്റെ വര്‍ധിച്ചുവരുന്ന സാമ്പത്തിക ആശ്രിതത്വം അതിന്റെ ഭൗമരാഷ്ട്രീയവും തന്ത്രപരവുമായ തെരഞ്ഞെടുപ്പുകളെ മാത്രമല്ല സ്വാധീനിക്കുക. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി, പ്രത്യേകിച്ച് സൗദി അറേബ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മതവിഭാഗങ്ങളോടുള്ള ഭരണകൂടത്തിന്റെ മനോഭാവത്തെയും നിര്‍ണയിക്കും. 

സൗദി അറേബ്യയിലെ മതപരിഷ്‌കരണം പാകിസ്ഥാനിലെ യാഥാസ്ഥിതിക സലഫി, ദയൂബന്ദി മത വിഭാഗങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ഒറ്റരാത്രികൊണ്ട് കാഴ്ചപ്പാട് മാറ്റുകയെന്നത് അസംഭവ്യമാണല്ലോ. ഇരുപതിലധികം സലഫി ഗ്രൂപ്പുകളും പാര്‍ട്ടികളും ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയില്‍ അഭിവൃദ്ധി പ്രാപിച്ചിട്ടുണട്്. ദയൂബന്ദി വിഭാഗീയ ഗ്രൂപ്പുകള്‍ക്ക് പുറമെയാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം നിലനിര്‍ത്താന്‍ ചില ഗ്രൂപ്പുകള്‍ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, ചിലര്‍ എതിര്‍ക്കുകയും ഇതര വിദേശ ധനസഹായ സ്രോതസ്സുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അല്ലെങ്കില്‍ അവരുടെ പ്രാദേശിക പിന്തുണാ അടിത്തറ വികസിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഒരു കാലത്ത് ഭരണകൂട സ്ഥാപനങ്ങളുടെ രക്ഷാകര്‍തൃത്വം ആസ്വദിച്ചിരുന്ന ചില തീവ്രവാദികളോടും തീവ്ര മതവിഭാഗങ്ങളോടുള്ള സമീപനവും പാകിസ്ഥാന്‍ ഭരണകൂടം മാറ്റിയിട്ടുണ്ട്. ബാഹ്യ സമ്മര്‍ദ്ദത്തിന് ശേഷം രാജ്യം അവരുടെ സമീപനം മാറ്റി. പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്്ക് ഫോഴ്‌സിന്റെ (എഫ് എ ടി എഫ്) നയങ്ങള്‍ അവലോകനം ചെയ്യുന്നതിലേക്ക് നയിച്ചു. 

സായുധ വിഭാഗമായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പാകിസ്താനിലെ പ്രധാന സലഫി ഗ്രൂപ്പായ നിരോധിത ജമാഅത്തുദ്ദഅ്‌വ പരിവര്‍ത്തനത്തിന് വിധേയമാവുകയാണ്. പശ്ചിമേഷ്യയിലെ മാറ്റങ്ങളും ഭരണകൂട സ്ഥാപനങ്ങളുടെ നയങ്ങളും ഒരുമിച്ച് പാകിസ്ഥാനിലെ തീവ്ര ശക്തികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ പരിവര്‍ത്തനത്തിന് കഴിയും. ഇപ്പോള്‍, സംഘടനയ്ക്കുള്ളില്‍ മൂന്ന് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് നിലനില്‍ക്കുന്നത്. ആദ്യ വീക്ഷണം തീവ്രവാദ പാത ഉപേക്ഷിച്ച് വിദ്യാഭ്യാസ, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വീക്ഷണത്തിന്റെ വക്താക്കള്‍ സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ നയങ്ങളെയും അബ്രഹാം കരാറുകളെയും പിന്തുണയ്ക്കുന്നു.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ പാത സ്വീകരിക്കണമെന്ന അഭിപ്രായവും ഗ്രൂപ്പിനുള്ളില്‍ ശക്തമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ജമാഅത്തുദ്ദ്അവ പങ്കെടുക്കുകയും വന്‍തോതില്‍ വിഭവങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നുവെങ്കിലും അവരുടെ പ്രകടനം പരിതാപകരമായിരുന്നു. എന്നിരുന്നാലും, സംഘടനാ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളുടെ കേഡറില്‍ നിന്നുള്ള സമ്മര്‍ദ്ദം വ്യതിചലിപ്പിക്കുന്നതിനുള്ള ന്യായവും സുരക്ഷിതവുമായ പുറപ്പാടായാണ് യുവനേതൃത്വം രാഷ്ട്രീയത്തെ കാണുന്നത്. ഈ വീക്ഷണം പ്രധാന നേതൃത്വത്തിനിടയില്‍ പ്രചാരത്തിലില്ല. പക്ഷേ ജമാഅത്തുദ്ദഅവാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അതിനോട് താത്പര്യമുണ്ട്. കാരണം ജമാഅത്തുദ്ദഅ്‌വ അവശേഷിപ്പിച്ച ശൂന്യത നികത്തിയതായി അവര്‍ വിശ്വസിക്കുന്ന ബറേല്‍വി തെഹ്രീക്-ഇ-ലബ്ബൈക് പാക്കിസ്ഥാനുമായ്ാണ് അവര്‍ തങ്ങളുടെ ശക്തി താരതമ്യം ചെയ്യുന്നത്. ഈ രണ്ട് വീക്ഷണങ്ങള്‍ കൂടാതെ, ഇപ്പോഴും ജിഹാദില്‍ ഉറച്ചുനില്‍ക്കുകയും സായുധ പാത ഉപേക്ഷിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തനം തുടരാന്‍ തയ്യാറുള്ള ഒരു വിഭാഗവും ഗ്രൂപ്പിലുണ്ട്.

എങ്കിലും ജമാഅത്തുദ്ദഅവാ കേഡര്‍ ആശയക്കുഴപ്പത്തിലാണ്. അവര്‍ തങ്ങളുടെ ജീവിതം ഗ്രൂപ്പിനായി സമര്‍പ്പിക്കുക മാത്രമല്ല, അവരുടെ കുടുംബങ്ങളെ സംഘടനാ പടിയിലേക്ക് കൊണ്ടുവരികയും ചെയ്തു. അവരില്‍ ഭൂരിഭാഗവും ജമാഅത്തുദ്ദഅ്‌വ നല്‍കുന്ന സാമ്പത്തിക സഹായം കൊണ്ടാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടുതന്നെ ഉടനടി ഇടപെടല്‍ ആവശ്യമാണ്. ഉപേക്ഷിക്കപ്പെട്ട ഇവര്‍ക്ക് രാജ്യം യാതൊരു പുനരധിവാസ പ്രവര്‍ത്തനങ്ങളും നല്‍കിയിട്ടില്ല. ഖുറാസാനിലെ ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഗ്രൂപ്പുകള്‍ക്ക് ഇപ്പോള്‍ അവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിച്ചേക്കാം.  എളുപ്പമുള്ള ലക്ഷ്യമാണ്. മറ്റ് നിരോധിത ഗ്രൂപ്പുകളും ഇതേ വെല്ലുവിളി തന്നെയാണ് നേരിടുന്നത്. 

മതമൗലിക വാദത്തിന്റെ അക്രമാസക്തവും ഹിംസാത്മകവുമായ രീതികള്‍ പിന്തുടരുന്ന സലഫിസ്റ്റുകള്‍ക്ക് തെരഞ്ഞെടുപ്പുകളൊന്നും അവശേഷിക്കുന്നില്ല. ഒരു വശത്ത് മുഹമ്മദ് ബിന്‍ സല്‍മാനും മറുവശത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാനുമാണുള്ളത്. എങ്കിലും അവര്‍ക്ക് രണ്ടിലൊന്ന് തെരഞ്ഞെടുക്കാനാവും. ഈ രണ്ടിലൊന്ന് തെരഞ്ഞെടുക്കകയല്ലാതെ ഇവയ്ക്കിടയില്‍ മറ്റൊരു സാധ്യതയും മുന്നിലുണ്ടാവില്ല. 

ദയൂബന്ദികള്‍ എല്ലായ്‌പ്പോഴുമെന്ന പോലെ ഛിന്നഭിന്നമാണ്. എങ്കിലും അക്രമാസക്തമായ വിഭാഗീയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള അവരുടെ ഗണ്യമായ ഭൂരിപക്ഷം ഇപ്പോഴും സൗദികളുമായാണ് യോജിച്ചു പോകുന്നത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതും അവര്‍ക്ക് വിജയ പ്രതീതി നല്‍കുന്നുണ്ട്. സാമൂഹിക- രാഷ്ട്രീയ തലങ്ങളില്‍ നിന്നും ഇറാനിയന്‍ സ്വാധീനത്തെ ചെറുക്കുന്നതില്‍ സൗദിക്കും താത്പര്യമുണ്ട്. എങ്കിലും ആത്യന്തികമായി ഭരണകൂട സ്ഥാപനങ്ങളുടെ വ്രണപ്പെടുത്തുന്ന മറ്റൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ ദയൂബന്ദി മദ്‌റസകളെ അനുവദിക്കില്ല. 

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പാകിസ്താനിലെ വിശാലമായ സിവില്‍ സമൂഹവുമായി ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ല. ജനാധിപത്യവും മത പാര്‍ട്ടികളിലെ പഴയ സഖ്യകക്ഷികളേയും ആശ്രയിച്ചായിച്ചുമാണ് നടപടികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതുവരെ മതവിഭാഗങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ശ്രമിക്കുമെന്നും ഉറപ്പില്ല. പാകിസ്താനിലെ ഷിയാ സഖ്യകക്ഷികളെ ഉപേക്ഷിക്കാന്‍ ഇറാനും താത്പര്യമില്ല. മതവിഭാഗങ്ങള്‍ ഒറ്റ രാത്രികൊണ്ട് മാറില്ലെങ്കിലും പശ്ചിമേഷ്യയിലെ മാറ്റങ്ങള്‍ അവരെ സാവധാനത്തിലും സ്ഥിരമായും സ്വാധീനിക്കും.

Other News