ബീജിംഗ്:കര്‍ശന സീറോ കോവിഡ് നയത്തില്‍ നിന്ന് പിന്മാറി ചൈന. എങ്കിലും പ്രായമായവരിലെ വാക്സിനേഷന് നിരക്കിലെ കുറവ് കോവിഡ് ബാധയില്‍ ദശലക്ഷം പേരെങ്കിലും മരിച്ചേക്കുമെന്ന ആശങ്ക നിലനില്ക്കുന്നു. മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തില്‍ താഴെയുള്ള എണ്‍പത് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ക്കും ഇപ്പോഴും വാക്സിന് കോഴ്സ് പൂര്‍ണമായും ലഭിച്ചിട്ടില്ല.
സീറോ കോവിഡ് നയങ്ങള്‍ പിന്‍വലിക്കുന്നതായി ബുധനാഴ്ചയാണ് ചൈന പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് ചൈനയുടെ ആരോഗ്യ സുരക്ഷാ സംവിധാനം തയ്യാറായിട്ടില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഏറ്റവും അപകടസാധ്യതയുള്ളവരില്‍ പ്രായമായവരാണ് ഉള്‍പ്പെടുന്നത്. വാക്സിന് ഒരു ഡോസ് സ്വീകരിച്ച 76കാരനായ സണ്‍ പറഞ്ഞത് താനിനി കൂടുതല്‍ ബുദ്ധിമുട്ടാന്‍ തയ്യാറല്ലെന്നാണ്. ഒരു ഡോസ് വാക്സിന് സ്വീകരിക്കാന്‍ 100 യുവാനും ഒരു സഞ്ചി അരിയും ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിട്ടും ഇങ്ങനെയാണ് പറഞ്ഞത്. തന്റെ സമീപ പ്രദേശങ്ങളിലൊന്നും കോവിഡ് കേസുകളുണ്ടായിട്ടില്ലെന്നും അപൂര്‍വ്വമായി താന്‍ പുറത്തേക്ക് യാത്ര ചെയ്യാരുണ്ടെങ്കിലും ഇനി വാകിസിന്റെ ആവശ്യമില്ലെന്നു തന്നെയാണ് കിഴക്കന്‍ സെജിയാങ് പ്രവിശ്യയിലെ താമസക്കാരനായ സണിന്റെ പക്ഷം.
ഹെല്‍ത്ത് റിസ്ക് അനാലിസിസ് സ്ഥാപനമായ എയര്ഫിനിറ്റിയാണ് നിലവിലെ അവസ്ഥയില്‍ 2.1 ദശലക്ഷം പേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്ന് പ്രവചിക്കുന്നത്. പ്രായമായവരിലെ വാക്സിനെടുക്കാനുള്ള മടിയാണ് ഉയര്‍ന്ന മരണസംഖ്യയ്ക്ക് കാരണമാകുകയെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ഈ വര്‍ഷം ഹോങ്കോങില്‍ കോവിഡ് ബാധ്യ വ്യാപിക്കാനുണ്ടായ പ്രധാന കാരണം വാക്സിനേഷനെടുക്കാനുള്ള മുതിര്‍ന്നവരുടെ മടിയായിരുന്നു. വൈറസിന്റെ അഞ്ചാം തരംഗം സംഭവിച്ചപ്പോള്‍ 10500ലേറെ പേരാണ് മരിച്ചത്. ഇവരില്‍ 67 ശതമാനം പേരും വാക്സിനേഷന് എടുക്കാത്തവരായിരുന്നു. സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ 95 ശതമാനത്തിലേറെ പേര് 60 വയസ്സും അതില്‍ കൂടുതലുമുള്ളവരാണ്. മരിച്ചവരുടെ ശരാശരി പ്രായം 86 വയസ്സായിരുന്നു.
നഗരങ്ങള്‍ അടച്ചിട്ടത്തും കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും വേര്‍പെടുത്തി ക്വാറന്റൈന് ഏര്‍പ്പെടുത്തിയതും പ്രതിദിനം പി സി ആര് പരിശോധനകള്‍ നടത്താന്‍ നിര്‍ബന്ധിതരാക്കുന്നതും ചൈനയുടെ ക്തമായ കോവിഡ് നയത്തെ തുടര്‍ന്നായിരുന്നു. എന്നാല്‍ അതേസമയം വാക്സിന് നയം നടപ്പിലാക്കാന്‍ ചൈന വിമുഖത കാണിക്കുകയും ചെയ്യുന്നു. ഷോപ്പിംഗ് വൗച്ചറുകള്‍ മുതല്‍ പരമ്പരാഗത ഭക്ഷണം വരെ കൊടുത്ത് ആളുകളെ വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ചൈനീസ് രീതി.