ഫക്രിസാദേയെ കൊന്നത് ഇസ്രായേലി നിര്‍മിത  ആയുധമുപയോഗിച്ച് 


DECEMBER 1, 2020, 9:31 AM IST

ടെഹ്റാന്‍: ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹ്സെന്‍ ഫക്രിസാദെയെ വെടിവച്ചത് ഇസ്രായേലി നിര്‍മിത റിമോട്ട് നിയന്ത്രിത മെഷീന്‍ഗണ്‍ ഉപയോഗിച്ചാണെന്നു റിപ്പോര്‍ട്ട്.

നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ നിന്ന് റിമോട്ട് നിയന്ത്രിത മെഷീന്‍ഗണ്‍ ഉപയോഗിച്ചാണ് ഫക്രിസാദെയെ  വെടിവച്ചതെന്നാണ് ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്രമികള്‍ ആരും രംഗത്തുവരാതെ തികച്ചും ആസൂത്രിതമായാണു കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഏജന്‍സി പറയുന്നു.

സാറ്റലൈറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഇസ്രയേല്‍ നിര്‍മിത ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന്റെ ലോഗോയുള്ള ആയുധം സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെള്ളിയാഴ്ച ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഭാര്യക്കൊപ്പം ഫക്രിസാദെ യാത്ര ചെയ്തത്. ടെഹ്റാന് കിഴക്ക് അബ്സാര്‍ദിലേക്കുള്ള യാത്രയില്‍ മൂന്ന് അംഗരക്ഷകര്‍ ഒപ്പമുണ്ടായിരുന്നു. ഫക്രിസാദെ എത്തേണ്ട സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാനായി അംഗരക്ഷകര്‍ കുറച്ച് നേരത്തേ പോയിരുന്നു. ഈ സമയത്ത് പെട്ടെന്ന് വലിയ ശബ്ദം കേട്ട് ഫക്രിസാദെയുടെ കാര്‍ നിര്‍ത്തി. കാറിന് എന്തോ തകരാറുണ്ടെന്നു കരുതി ആക്രമണമാണെന്ന് അറിയാതെ ഫക്രിസാദെ കാറില്‍നിന്ന് പുറത്തേക്കിറങ്ങി. ആ സമയത്ത് അദ്ദേഹത്തിന്റെ കാറില്‍നിന്ന് 150 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ നിന്നാണ് വെടിവയ്പ് ഉണ്ടായത്.

ഫക്രിസാദെയ്ക്ക് മൂന്നു തവണ വെടിയേറ്റു. രണ്ടെണ്ണം 

വശങ്ങളിലും ഒരെണ്ണം പിന്നിലുമാണ് കൊണ്ടത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. അംഗരക്ഷകര്‍ക്കും വെടികൊണ്ടു. തൊട്ടുപിന്നാലെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചു. മൂന്നു മിനിറ്റാണ് ആക്രമണം നീണ്ടതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫക്രിസാദെയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യക്ക് ആക്രമണത്തില്‍ പരുക്കില്ല. ഒക്ടോബര്‍ 29ന് ഇറാനില്‍നിന്നു കടന്ന ഒരാളിന്റെ വാഹനത്തിലാണ് റിമോട്ട് നിയന്ത്രിത മെഷീന്‍ ഗണ്‍ സ്ഥാപിച്ചിരുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Other News