ലോക കപ്പ് ഫുട്‌ബോള്‍ : ബെല്‍ജിയത്തെ വിറപ്പിച്ച് കാനഡ; ഒടുവില്‍ വഴങ്ങി


NOVEMBER 24, 2022, 2:11 AM IST

ദോഹ: ഫുട്‌ബോളില്‍ ലോക രണ്ടാം നമ്പര്‍ ടീം ആയ ബെല്‍ജിയത്തെ കളിക്കളത്തില്‍ അവസാന നിമിഷം വരെ വിറപ്പിച്ച് കാനഡ. ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലോകകപ്പ് 2022 മത്സരങ്ങളിലെ ഗ്രൂപ്പ് എഫ് -ല്‍ ബെല്‍ജിയത്തെ നേരിട്ട കാനഡ ഒടുവില്‍ കീഴടങ്ങി.   അവസാന നിമിഷം വരെ എതിരാളിയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 44-ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ വിജയഗോള്‍. ബെല്‍ജിയത്തിന്റെ ഏകാധിപത്യം പ്രതീക്ഷിച്ച മൈതാനത്ത് ഏറെ പണിപ്പെട്ടാണ് 1-0ന് അവര്‍ വിജയിച്ചുകയറിയത്. ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് കാനഡ 22 ഷോട്ടുകളുതിര്‍ത്തെങ്കിലും ഒന്നും ഗോളാക്കാനായില്ല. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു.

ആദ്യ മിനുറ്റുകളില്‍ തന്നെ അതിവേഗ അറ്റാക്കുമായി ബെല്‍ജിയത്തെ ഞെട്ടിക്കാന്‍ കാനഡയ്ക്ക് കഴിഞ്ഞു. എട്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും കാനഡയ്ക്ക് അത് വേണ്ട തരത്തില്‍ ഉപയോ?ഗിക്കാനായില്ല. കിക്കെടുത്ത അല്‍ഫോന്‍സോ ഡേവിസിന് അത് ?ഗോളാക്കാന്‍ കഴിഞ്ഞില്ല. 12-ാം മിനുറ്റില്‍ ലര്യായുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയതും തിരിച്ചടിയായി. കളിയിലുടനീളം അപ്രതീക്ഷിത ആക്രമണവുമായി കാനഡ ബെല്‍ജിയത്തെ പ്രതിരോധത്തിലാക്കിയ കാഴ്ച്ചയാണ് കാണാനായത്. എന്നാല്‍ ഫിനിഷിംഗ് പിഴവാണ് കാനഡയ്ക്ക് വിനയായത്.

ലോംഗ് പാസുകള്‍ ഉപയോഗിച്ച് കാനഡയുടെ ഡിഫന്‍സ് പൊളിക്കുകയെന്ന തന്ത്രം മാത്രമേ ബെല്‍ജിയത്തിന് പയറ്റാന്‍ കഴിഞ്ഞുള്ളൂ. ഇത്തരത്തില്‍ 44-ാം മിനുറ്റില്‍ ലഭിച്ച അവസരമാണ് മിച്ചി ബാറ്റ്ഷുവായി ?ഗോളാക്കി മാറ്റിയത്. എന്നാല്‍ ഗോള്‍ വീണ ശേഷവും കാനഡ ആക്രമിച്ചു തന്നെ കളിക്കുകയായിരുന്നു. രണ്ടാംപകുതിയും അത് തുടര്‍ന്നു. ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയം ഈ ലോകകപ്പ് വിജയിച്ച് തുടങ്ങാനുറച്ച് തന്നെയാണ് കാനഡയെ നേരിടാനിറങ്ങിയത്. എന്നാല്‍ അനായാസം ജയിച്ചു കയറാമെന്ന് കരുതിയ ബെല്‍ജിയത്തിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.

Other News