മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ യു.എ.ഇ യില്‍ നിന്ന് ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍


MARCH 29, 2019, 4:12 PM IST

ദുബായ്: ഗള്‍ഫിലെ മണലാരണ്യത്തില്‍ ജിവിത സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കാന്‍ എത്തിയ പല പ്രവാസികള്‍ക്കും വളര്‍ച്ചയുടെ ഉയരങ്ങളിലെത്താന്‍ ഈ മണ്ണ് സഹായകമായി. ഫോബ്‌സ് മാസികയുടെ 2019 ലെ ശതകോടീശ്വര പട്ടികയില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരാണ് യു.എ.ഇ യില്‍ നിന്ന് ഇടംപിടിച്ചിട്ടുള്ളത്. ഇവരുടെ മൊത്തം മൂല്യം 15.1 ബില്യണ്‍ ഡോളര്‍ വരുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

റീട്ടെയില്‍ ബിസിനസ് രംഗത്തെ അതികായനായ എം.എ. യൂസഫലിയാണ് യു.എ.ഇ യിലെ ഏറ്റവും സമ്പന്നനായ ഇന്ത്യന്‍ വ്യവസായി. 4.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള യൂസഫലി ഫോബ്‌സിന്റെ പട്ടികയില്‍ 394)ം സ്ഥാനത്താണ്. തൃശൂരിലെ നാട്ടികക്കാരനായ യൂസഫലി ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. പദ്മശ്രീ ബഹുമതി നല്‍കി ഇന്ത്യ യൂസഫലിയെ ആദരിച്ചിട്ടുണ്ട്. 

ലണ്ടനിലെ കാര്‍ ഡ്രൈവര്‍ സ്ഥാനത്തു നിന്ന് ഗള്‍ഫില്‍ ശതകോടീശ്വര ബിസിനസുകാരനായി വളര്‍ന്ന മിക്കി ജഗ്തിയാനിയാണ് പട്ടികയില്‍ രണ്ടാമതു വരുന്നത്. ദുബായ് ആസ്ഥനമായുള്ള ലാന്‍ഡ്മാര്‍ക്ക് റീട്ടെയില്‍ സ്റ്റോര്‍സ് ഗ്രൂപ്പിന്റെ മേധവിയായ ജഗ്തിയാനിയുടെ ആസ്തി നാലു ബില്യണ്‍ ഡോളറാണ്. ഫോബ്‌സിന്റെ പട്ടികയില്‍ 478)ം സ്ഥാനത്താണ്. കുവൈറ്റില്‍ ജനിക്കുകയും മുംബൈ, ചെന്നൈ, ബെയ്‌റൂട്ട് എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം നടത്തികയും ചെയ്ത ശേഷമാണ് അദ്ദേഹം ലണ്ടനില്‍ എത്തിയത്. 

അബുദാബി ആസ്ഥാനമമായുള്ള എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ ബി.ആര്‍.ഷെട്ടിയാണ് പട്ടികയില്‍ മൂന്നാമതു വരുന്നത്. 2.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഷെട്ടി ഫോബ്‌സ് പട്ടികയില്‍ 804)ം സ്ഥാനത്താണ്. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ ഷെട്ടിക്ക് പ്രശസ്തമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍ സ്വന്തമായുണ്ട്. മധ്യതിരുവിതാംകൂറില്‍ നിന്ന് ഗള്‍ഫിലെത്തിയ, വിദ്യാഭ്യാസ രംഗത്തെ വ്യവസായ സംരംഭകനും മനുഷ്യസ്‌നേഹിയുമായ സണ്ണി വര്‍ക്കിയാണ് 2.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ നാലാമതുള്ളത്. ഒരു ഡസനിലധികം രാജ്യങ്ങളിലായി 130 ലധികം സ്‌കൂളുകളുടെ ശൃംഖലയുള്ള ജെംസ് എഡ്യൂക്കേഷന്റെ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി ഫോബ്‌സ് പട്ടികയില്‍ 964 )ം സ്ഥാനത്താണ്. പ്രോപ്പര്‍ട്ടി ഡെവലപ്പറും തൃശൂര്‍ സ്വദേശിയുമായ പി.എന്‍.സി മേനോന്‍ 1.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ അഞ്ചാമതെത്തുന്നു. ഫോബ്‌സിന്റെ ലിസ്റ്റില്‍ അദ്ദേഹം 1941 ) സ്ഥാനത്താണ്.


Other News