ഒഴുകിനീങ്ങുന്ന കൂറ്റൻ ടൈം ബോംബ് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം,പ്രത്യാഘാതം കണക്കാക്കാവുന്നതിലുമപ്പുറം 


JULY 31, 2019, 12:49 AM IST

സന: ലക്ഷക്കണക്കിന് ബാരൽ എണ്ണ നിറഞ്ഞ കപ്പൽ.എപ്പോൾ വേണമെങ്കിലും ഈ കപ്പൽ പൊട്ടിത്തെറിക്കാം.കലാപ കലുഷിതമായ യെമന്റെ തീരത്ത് നങ്കൂരമിട്ട ഈ കപ്പലിന് യു എൻ നൽകിയ പേരാണ് ഒഴുകി നീങ്ങുന്ന ബോംബ്.അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകളും നടപടികളുമില്ലെങ്കിൽ ഭയാനക സ്ഫോടനം ആസന്നമാണെന്നാണ് പേരിടലിലൂടെ യു എൻ നൽകുന്ന മുന്നറിയിപ്പ്.

ഈ കപ്പൽ ബോംബ് പൊട്ടിത്തെറിച്ചാൽ ലോക സമ്പദ്‌വ്യവസ്ഥയിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. ലോകം ഇന്നേവരെ അഭിമുഖീകരിക്കാത്തത്ര വിനാശകരമായ പാരിസ്ഥിതിക ദുരന്തത്തിനും അതിടയാക്കും.ഇപ്പോൾത്തന്നെ കപ്പലിൽ നിന്ന് കടലിലേക്ക് എണ്ണ കിനിയുന്നുണ്ട്.

റാസ്‌ ഇസ തുറമുഖത്തിന് 70 കിലോമീറ്റർ അകലെയായാണ് കപ്പൽ.യെമൻ ഉടമസ്ഥതയിലുള്ള ഈ കപ്പൽ 2015 മുതൽ ഇവിടെയുണ്ട്. പല വലിപ്പത്തിലുള്ള് ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകൾ ഇതിലുണ്ടെന്ന്  കരുതുന്നു. ഇതിലെല്ലാം കൂടി ഏകദേശം 30 ലക്ഷം ബാരൽ ഉൾക്കൊള്ളാനാവും. 2015ൽ ഹൂതി വിമതർ തുറമുഖം പിടിച്ചെടുത്തതോടെ ഈ കപ്പൽ ഉപയോഗിച്ചിട്ടില്ല. 

കപ്പലിന്റെ അപകടസാധ്യതയെക്കുറിച്ച് കഴിഞ്ഞയാഴ്ച യെമൻ സർക്കാർ ട്വിറ്ററിൽ ആനിമേഷൻ വീഡിയോ പുറത്തുവിട്ടിരുന്നു. ജപ്പാനിൽ നിർമിച്ച ഈ കപ്പൽ പൂർണമായും ലോഹത്തിലുള്ളതാണ്. കപ്പലിലെ എണ്ണ വീപ്പകളിൽ നിന്നും പുറത്തുവരുന്ന സജീവ വാതകങ്ങൾ അന്തരീക്ഷത്തിൽ കലരുകയും അതുവഴി വൻ സ്ഫോടനം ഉണ്ടാവുകയും ചെയ്യാം. വീപ്പകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്കറുകളിലേക്ക് അലസ വാതകങ്ങൾ പമ്പ് ചെയ്‌താണ് ഈ പ്രശ്‌നം പരിഹരിക്കാനാകുക. 

പ്രതികൂല സാഹചര്യങ്ങൾ മൂലം കപ്പൽ ദ്രവിച്ച് രണ്ടായി പിളരാനുള്ള സാധ്യതയും ഏറെയാണ്. യെമനിലെ കടുത്ത ചൂടും കടലിലെ ഉപ്പുവെള്ളവും അന്തരീക്ഷ ഊഷ്‌മാവും എല്ലാം ചേർന്ന് കപ്പലിനെ അപകടത്തിലാക്കുന്നുണ്ട്. കപ്പലിനുള്ളിലെ വിശദ വിവരങ്ങൾ പുറം ലോകത്തിന് ലഭ്യമാകാത്തത് ആശങ്കയേറ്റുന്നു. 

കപ്പലിൽ നിന്നും അൽപ്പാല്പം എണ്ണ കടലിലേക്ക് ചോരുന്നുണ്ടെന്നാണ് യെമൻ യു‌എന്നിനെ അറിയിച്ചിരിക്കുന്നത്.  ഈ എണ്ണയ്ക്ക് തീ പിടിച്ചാൽ രാജ്യാന്തര കപ്പൽ സർവീസിനെ സാരമായി ബാധിക്കും.30 വർഷം മുൻപുണ്ടായ എക്സോൺ വാൽഡസ് കപ്പലപകടത്തെത്തുടർന്ന് 2.6 ലക്ഷം ബാരൽ എണ്ണയാണ് കടലിലേക്ക് ഒഴുകിയത്. റാസ് ഇസ തുറമുഖത്തോടു ചേർന്നുള്ള കപ്പലില്‍ നിന്നു പുറന്തള്ളപ്പെട്ടേക്കാവുന്ന എണ്ണയുടെ അളവ് ഇതിലും നാലിരട്ടിയോളം വരുമെന്ന് യെമൻ വ്യക്തമാക്കിയിട്ടുണ്ട്.

കപ്പൽ പരിശോധിക്കാനുള്ള യു എൻ  ശ്രമം ഹൂതി വിമതർ പലവട്ടം തടഞ്ഞതോടെ പ്രശ്‌നം  കൂടുതൽ രൂക്ഷമായിരിക്കുകയാണ്

Other News