ഹൗഡി മോഡിയെ തല്ലിയും തലോടിയും അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍!


SEPTEMBER 23, 2019, 2:34 PM IST

ന്യൂയോര്‍ക്ക്: ചരിത്രപ്രധാനമായ ഹൗഡി മോഡി റാലിയില്‍ അന്‍പതിനായിരത്തോളം വരുന്ന ഇന്തോ-അമേരിക്കന്‍ വംശജരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോഡിയ്ക്കും പ്രസിഡന്റ് ട്രമ്പിനും അന്തര്‍ദ്ദേശീയ മാധ്യമങ്ങളുടെ തല്ലും തലോടലും. പരിപാടി കാര്യമാത്ര പ്രസക്തമായി റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് പക്ഷെ അതിനെ വിമര്‍ശനാത്മകമായാണ് സമീപിച്ചത്.

ഒരു വലിയ സഞ്ചയത്തെ അഭിസംബോധനചെയ്യാനുള്ള അവസരം തന്റെ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള സാധ്യതയാക്കി മാറ്റുകയാണ് ട്രമ്പ് ചെയ്തതെന്ന് പത്രം പറയുന്നു. നിങ്ങള്‍ക്ക് എന്നേക്കാള്‍ മികച്ച ഒരു സുഹൃത്തിനെ ലഭിക്കാനില്ല എന്നുപറഞ്ഞതിലൂടെ ഇവരുടെ വോട്ടുറപ്പിക്കുകയായിരുന്നു ട്രമ്പിന്റെ ലക്ഷ്യം. മാത്രമല്ല, പ്രധാനമന്ത്രി മോഡിയ്ക്ക് പിറകില്‍ ഒരു സഹതാരത്തെ പോലെ അഭിനയിക്കുകയായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ട് പറയുന്നു.റോജര്‍ കോഹന്‍ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ എഡിറ്റോറിയലില്‍ കശ്മീരില്‍ മോഡി നടത്തിയ അടിച്ചമര്‍ത്തലിനെയും അദ്ദേഹത്തിന്റെ ഹിന്ദുനാഷണലിസത്തേയും വിമര്‍ശിക്കാന്‍ ട്രമ്പ് തയ്യാറായില്ല എന്ന കാര്യം എടുത്തുപറയുന്നുണ്ട്.

ഹൂസ്റ്റണിലെ മോഡി റാലിയില്‍ ട്രമ്പ് തന്റെ തെരഞ്ഞെടുപ്പ് വാം അപ്പ് നടത്തിയെന്ന് അഭിപ്രായപ്പെട്ട വാഷിങ്ടണ്‍ പോസ്റ്റ് മോഡിയും ട്രമ്പും പരസ്പര സഹായസഹകരണസംഘമായി പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രപ്രധാനമായ റാലിയില്‍ ട്രമ്പ് മോഡിയെ പുകഴ്ത്തി എന്നാണ് ബിബിസി പരിപാടിയുടെ റിപ്പോര്‍ട്ടിന് നല്‍കിയ തലക്കെട്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ഇരുനേതാക്കളുടേയും മേല്‍നോട്ടത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതിന് ഉദാഹരണമാണ് ഹൗഡി മോഡി റാലിയെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അഭിപ്രായപ്പെടുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് ഏഷ്യപസഫിക്കിലെ ചൈനീസ് മേധാവിത്തത്തിന് ഭീഷണിയാകുമെന്നും പത്രം എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടി.സന്ദര്‍ശിക്കുന്നയിടങ്ങളിലെല്ലാം ആഴത്തിലും മരിക്കാത്തതുമായ അടയാളങ്ങള്‍ കുറിക്കുന്ന വ്യക്തിത്വമെന്നാണ് മോഡി ട്രമ്പിനെ അഭിസംബോധന ചെയ്തത്. ട്രമ്പ് തന്റെയും ഇന്ത്യയുടേയും മിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Other News