പാക്കിസ്ഥാനില്‍ 40 ഭീകര സംഘടനകളും 40000 ഭീകരരുമുണ്ടെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി


JULY 24, 2019, 3:59 PM IST

വാഷിംഗ്ടണ്‍ :  ഭീകരതയ്‌ക്കെതിരായി യുഎസ് നടത്തുന്ന യുദ്ധത്തിനൊപ്പമാണ് പാക്കിസ്ഥാനുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

അതേസമയം പാക്കിസ്ഥാനില്‍ 40 ഓളം ഭീകര സംഘടനകളും 40000 ത്തോളം ഭീകരരും ഉണ്ടെന്നും ഇമ്രാന്‍ ഖാന്‍ യുഎസില്‍ കാപ്പിറ്റല്‍ ഹില്‍ റിസപ്ഷന്‍ ചടങ്ങില്‍ സംസാരിക്കവെ വെളിപ്പെടുത്തി.

പാക്കിസ്ഥാനിലെ സര്‍ക്കാരുകള്‍ യുഎസിനോടു സത്യം പറയാറില്ല. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒട്ടും സത്യം പറയാറില്ലായിരുന്നെന്നും  ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

യുഎസിന്റെ ഭീകരതയ്‌ക്കെതിരായ യുദ്ധമാണു പാക്കിസ്ഥാന്‍ നടത്തുന്നത്. 9/11 ആക്രമണത്തില്‍ പാക്കിസ്ഥാനു യാതൊരു പങ്കുമില്ല. അല്‍ക്വയ്ദ അഫ്ഗാനിസ്ഥാനിലാണു പ്രവര്‍ത്തിച്ചിരുന്നത്.

പാക്കിസ്ഥാനില്‍ ഒരു താലിബാന്‍ ഭീകരന്‍ പോലുമില്ല. എന്നിട്ടും യുഎസിനൊപ്പം യുദ്ധത്തില്‍ പങ്കുചേര്‍ന്നു. കാര്യങ്ങള്‍ മോശമായതിനു പാക് സര്‍ക്കാരിനെ മാത്രമേ കുറ്റപ്പെടുത്താന്‍ കഴിയൂ. കാരണം പാക്കിസ്ഥാന്‍ യുഎസിനോടു സത്യം പറഞ്ഞിരുന്നില്ലെന്ന് ഇമ്രാന്‍ പറഞ്ഞു.

പാക്കിസ്ഥാനില്‍ 40 ഭീകരസംഘടനകളും 40000 ഭീകരരും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു ഭീകരതയ്‌ക്കെതിരായ യുദ്ധം ജയിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നു യുഎസ് കൂടുതല്‍ പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാന്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടിയാണ് ഇപ്പോള്‍ പോരാടുന്നതെന്നും ഇമ്രാന്‍ തുറന്നടിച്ചു.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനുമേല്‍ കെട്ടിവയ്ക്കരുത്. ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പ്രദേശത്തുനടന്ന ഒരു ആക്രമണമായി ഇതിനെ പരിഗണിക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു.

Other News