തുര്‍ക്കിയിലെ ഫ്രഞ്ച് അംബാസഡറെ തിരിച്ചു വിളിച്ചു


OCTOBER 25, 2020, 8:10 AM IST

മക്രോണിന്റെ മാനസികാരോഗ്യം ചോദ്യം ചെയ്ത എര്‍ദുഗാനെതിരെ ഫ്രാന്‍സ്

പാരീസ്: തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദുഗാന്റെ ഫ്രഞ്ച് വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ ഫ്രഞ്ച് അംബാസഡറെ തിരിച്ചു വിളിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന് മാനസികാരോഗ്യ ചികിത്സ നടത്തണമെന്നത് ഉള്‍പ്പെടെയുള്ള എര്‍ദുഗാന്റെ പ്രസ്താവനകളിലാണ് ഫ്രാന്‍സ് പ്രതിഷേധിച്ചത്.

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഫ്രഞ്ച് പ്രസിഡന്റ് സ്വീകരിക്കുന്ന നിലപാടുകളാണ് എര്‍ദുഗാനെ പ്രകോപിപ്പിച്ചത്. 

തീവ്രചിന്താഗതിക്കാരായ മുസ്‌ലിം വിഭാഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ഇസ്‌ലാമിസ്റ്റ് വിഭാഗിയതയെന്നാണ് കഴിഞ്ഞ ദിവസം മക്രോണ്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് എര്‍ദുഗാന്‍ പ്രതികരിച്ചത്. 

മക്രോണിന് മുസ്‌ലിംകളും ഇസ്‌ലാമുമായി എന്താണിത്ര പ്രശ്‌നമെന്നു ചോദിച്ചു കൊണ്ടാണ് എര്‍ദുഗാന്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരെ സംസാരിച്ചത്. കയ്‌സേരി നഗരത്തില്‍ നടന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി യോഗത്തിലായിരുന്നു എര്‍ദുഗാന്‍ ചോദ്യം ഉന്നയിച്ചത്. ഒരു രാജ്യത്തിന്റെ തലവന് വിശ്വാസ സ്വാതന്ത്ര്യത്തെ കുറിച്ച് മനസ്സിലാകാത്തതെന്തെന്നും വ്യത്യസ്ത വിശ്വാസികളായ ദശലക്ഷക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന്റെ രാജ്യത്ത് വസിക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കാതെ ഈ രീതിയില്‍ പ്രതികരിക്കുന്നതെന്താണെന്നും എര്‍ദുഗാന്‍ തുടര്‍ന്നു. 

എര്‍ദുഗാന്റെ പ്രഭാഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് ഫ്രാന്‍സ് തങ്ങളുടെ പ്രസ്താവന പുറത്തിറക്കിയത്. അതിരുകവിയല്‍ ശരിയായ രീതിയല്ലെന്നും അപമാനം തങ്ങള്‍ സഹിക്കില്ലെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. 

അസാധാരണമായ അതിശക്തമായ ഭാഷയാണ് ഫ്രഞ്ച് ഭരണകൂടം എര്‍ദുഗാനെതിരെ ഉപയോഗിച്ചത്. എല്ലാ തലങ്ങളിലും അപകടകരമായ നയങ്ങള്‍ എര്‍ദുഗാന്‍ തിരുത്തണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ ആഴ്ച പാരിസിലെ ക്ലാസ് മുറിയില്‍ പ്രവാചകന്റെ കാരിക്കേച്ചര്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്റെ കഴുത്തറുത്ത സംഭവത്തെ എര്‍ദുഗാന്‍ അപലപിച്ചിട്ടില്ലെന്നും ഫ്രഞ്ച് അധികൃതര്‍ ചൂണ്ടിക്കാട്ടി. അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്രഞ്ച് അധികൃതര്‍ അന്വേഷണം നടത്തുകയാണ്. 

സിറിയ, ലിബിയ, അസര്‍ബൈജാന്‍ പ്രവിശ്യയായ നാഗോര്‍ണോകറാബാക്ക് എന്നിവിടങ്ങളില്‍ ഇടപെടുന്നതുമായി ബന്ധപ്പെട്ട് നാറ്റോ സഖ്യകക്ഷികളായ ഫ്രാന്‍സും തുര്‍ക്കിയും കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പ്രശ്‌നങ്ങല്‍ നിലനില്‍ക്കുന്നുണ്ട്. ലിബിയയില്‍ സൈനിക സന്നാഹം ഒരുക്കുന്നെന്നും സിറിയന്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നവരെ സഹായിക്കുന്നെന്നും ആരോപിച്ച് ഫ്രാന്‍സ് തുര്‍ക്കിക്കെതിരെ തിരിഞ്ഞിരുന്നു. 

കിഴക്കന്‍ മെഡിറ്ററേനിയനില്‍ എണ്ണ, ഗ്യാസ് പര്യവേക്ഷണവുമായി ബന്ധപ്പെട്ട് തുര്‍ക്കിക്കെതിരെ ഗ്രീസിനും സൈപ്രസിനുമൊപ്പം ഫ്രാന്‍സ് നിലകൊള്ളുന്നതും ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.

Other News