ഇസ്രാഈല്‍ സന്ദര്‍ശിക്കവെ ഫലസ്തീന്‍ അനുകൂല പ്രസ്താവനയുമായി ജര്‍മന്‍ ചാന്‍സലര്‍


OCTOBER 11, 2021, 11:18 PM IST

ബര്‍ലിന്‍: ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ഫലസ്തീനെ പിന്തുണച്ച് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മെര്‍ക്കലിന്റെ ഫലസ്തീന്‍ അനുകൂല പ്രസ്താവന. ഫലസ്തീന്‍ സ്വതന്ത്ര രാജ്യമാകണമെന്നാണ് ആഞ്ചല മെര്‍ക്കല്‍ പറഞ്ഞത്. 

ഫലസ്തീന്‍ അനുകൂല നിലപാടിന് പുറമേ ഇറാനുമായുള്ള ആണവ കരാറിലും ഇസ്രായേലിന് വിരുദ്ധമായ നിലപാടാണ് മെര്‍ക്കല്‍ സ്വീകരിച്ചത്. ജര്‍മനിയുടെ ചാന്‍സലറായിരിക്കെ സൗഹൃദ രാജ്യമായ ഇസ്രായേലിലേക്ക് മെര്‍ക്കല്‍ നടത്തുന്ന അവസാന സന്ദര്‍ശനമായിരുന്നു ഇത്. 

ഇസ്രയേലിനും ഫലസ്തീനുമിടയില്‍ കാലങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ഫലസ്തീന്‍ മുന്നോട്ട് വെച്ച 'ടു സ്റ്റേറ്റ് സൊലൂഷന്‍' എന്ന ആശയം നടപ്പിലാക്കുന്നതാണ് പരിഹാരമെന്നായിരുന്നു മെര്‍ക്കലിന്റെ ആവശ്യം. ഈ ആശയം അടഞ്ഞ അധ്യായമല്ലെന്ന് പറഞ്ഞ മെര്‍ക്കല്‍ ഫലസ്തീന്‍ പൗരന്മാര്‍ക്ക് അവരുടേതായ ഒരു രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ആഞ്ചല മെര്‍ക്കല്‍ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മറുപടി നല്‍കി. ഫലസ്തീന്‍ സ്വതന്ത്രമാകുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു ബെന്നറ്റിന്റെ പ്രതികരണം. 

ഫലസ്തീന്‍ രാഷ്ട്രമുണ്ടാവുക എന്നതിനര്‍ഥം ഒരു ഭീകരവാദ രാജ്യം സ്ഥാപിക്കപ്പെടുമെന്നതാണെന്നാണ് തങ്ങളുടെ അനുഭവമെന്നും അത് തന്റെ വീട്ടില്‍ നിന്നും വെറും ഏഴ് മിനിറ്റിന്റെ ദൂരത്തിലും ഇസ്രയേലില്‍ നിന്ന് ഏറ്റവും അടുത്തുമായിരിക്കുമെന്നും ബെന്നറ്റ് പറഞ്ഞു.

എന്നാല്‍ ബെന്നറ്റ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ഫലസ്തീനും രംഗത്തു വന്നു. ഭീകരവാദത്തിന്റെ ഏറ്റവും മോശമായ രൂപം കൈയേറ്റവും അധിനിവേശവുമാണെന്നും ഫലസ്തീന്‍ സ്വതന്ത്ര രാജ്യമാകുന്നതല്ലെന്നും ഫലസ്തീന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍-ഷെയ്ക്ക് പറഞ്ഞു.

Other News