പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം; താലിബാന് മലാലയുടെ കത്ത്


OCTOBER 18, 2021, 11:43 PM IST

കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിക്കണമെന്നും സ്‌കൂളുകള്‍ ഉടന്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായിയുടെ കത്ത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തിലെ ഏകരാജ്യമാണ് അഫ്ഗാനിസ്ഥാനെന്നും മലാല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

മലാലയുടെ കത്തിനോടൊപ്പം അഫ്ഗാനിസ്ഥാനിലെ അവകാശ സംരക്ഷക പ്രവര്‍ത്തകരും ചേര്‍ന്നിട്ടുണ്ട്. കത്തിനോടൊപ്പമുള്ള പരാതിയില്‍ 6,40,000 പേരാണ് ഒപ്പുവെച്ചിട്ടുള്ളത്. താലിബാന് കത്തയക്കുന്നതോടൊപ്പം ജി-20 നേതാക്കളോട് അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായമെത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ സുരക്ഷയെ കരുതിയാണ് തങ്ങള്‍ ഇതുവരെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കിയതെന്നും പൂര്‍ണമായും ഇസ്ലാമിക രീതികള്‍ കര്‍ശനമാക്കിയ ശേഷം ഉപാധികളോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്നുമാണ് താലിബാന്‍ പറയുന്നത്. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് രണ്ട് മില്യണ്‍ ഡോളര്‍ താന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടന വഴി, മലാല, അഫ്ഗാനിസ്ഥാന് നല്‍കിയിരുന്നു.

Other News