ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സഹസ്ഥാപകനും ലോകത്തിലെ ആറാമത്തെ ധനികനുമായ സെര്‍ജി ബ്രിന്‍ വിവാഹ മോചനത്തിനുള്ള അപേക്ഷ നല്കി. പൊരുത്തപ്പെടാനാവാത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് വിവാഹ മോചിതനാകാന്‍ തീരുമാനിച്ചതെന്നാണ് അപേക്ഷയില്‍ പറയുന്നത്. വേര്‍പിരിയലിന്റെ വിശദാംശങ്ങളും രേഖകളും രഹസ്യമായി സൂക്ഷിക്കാന്‍ കോടതി നടപടി സ്വീകരിക്കണമെന്നും വിവാഹമോചന അപേക്ഷയിലുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് വിവാഹിതരായ സെര്‍ജി ബ്രിന്‍- നിക്കോളെ ഷാനഹാനെ ദമ്പതികള്‍ക്ക് മൂന്ന് വയസ് പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. 23 ആന്റ് മീയുടെ സഹസ്ഥാപകയായ ആനി വോജ്സിക്കിയുമായുള്ള ബ്രിന്നിന്റെ മുമ്പത്തെ വിവാഹവും 2015ല്‍ വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു.
ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ പട്ടികയനുസരിച്ച് 94 ബില്ല്യന്‍ ഡോളര്‍ ആസ്തിയാണ് 48കാരനായ ബ്രിന്നിനുള്ളത്. ഇതില്‍ ഭൂരിഭാഗവും ഗൂഗിളിലെ അദ്ദേഹത്തിന്റെ ഓഹരികളില്‍ നിന്നുള്ളതാണ്. 1998ല്‍ ലാറി പേജുമായി സഹകരിച്ച് ഗൂഗിള്‍ സ്ഥാപിച്ച അദ്ദേഹം പിന്നീട് ആല്‍ഫബെറ്റ് ഇങ്ക് രൂപീകരിച്ചു. 2019ല്‍ ഇരുവരും ആല്‍ഫബെറ്റ് വിട്ടുവെങ്കിലും കമ്പനിയെ നിയന്ത്രിക്കുന്ന ഓഹരികളുമായി ബോര്‍ഡില്‍ തുടരുന്നുണ്ട്.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സും പത്‌നി മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സും ഒരു വര്‍ഷം മുമ്പാണ് വിവാഹബന്ധം വേര്‍പെടുത്തുന്നതായി പ്രഖ്യാപിച്ചത്. ആമസോണിന്റെ സ്ഥാപകനും സി ഇ ഒയുമായ ജെഫ് ബെസോസും പത്‌നി മക്കെന്‍സി സ്‌കോട്ടും വിവാഹമോചനം നേടിയത് മൂന്ന് വര്‍ഷം മുമ്പാണ്.
വേല്‍പിരിയല്‍ സമയത്ത് ബില്‍ ഗേറ്റ്‌സിനും മെലിന്‍ഡക്കും വിഭജിക്കാന്‍ 145 ബില്യണ്‍ ഡോളര്‍ സമ്പത്തുണ്ടായിരുന്നു. എന്നാല്‍ വേര്‍പിരിയുമ്പോള്‍ ബെസോസും സ്‌കോട്ടും 137 ബില്യണ്‍ ഡോളര്‍ കടക്കെണിയിലായിരുന്നു.
ശതകോടീശ്വരനായതിന് ശേഷം ബന്ധം ആരംഭിച്ചതിനാല്‍ ബ്രിനും ഷാനഹാനും വിവാഹത്തിന് മുമ്പുതന്നെ കരാറില്‍ ഏര്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ സൈഡ്മാന്‍ ആന്റ് ബാന്‍ക്രോഫ്റ്റ് എല്‍.എല്‍.പിയുടെ ഭാഗമായ മോണിക്ക മസെയ് പറഞ്ഞു. എന്നാല്‍ കേസ് കൈകാര്യം ചെയ്യുന്നത് ഒരു സ്വകാര്യ ജഡ്ജിയായതിനാല്‍ വിവാഹമോചനത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും അവര്‍ പറഞ്ഞു.