ബെഞ്ച് മാർക്ക് പലിശനിരക്കിൽ  കുറവുവരുത്താൻ ഗൾഫ് സെൻട്രൽ ബാങ്കുകൾ


AUGUST 2, 2019, 9:53 PM IST

ദുബൈ:ബെഞ്ച് മാർക്ക് പലിശനിരക്കിൽ കുറവ് വരുത്താൻ ഗൾഫ് സെൻട്രൽ ബാങ്കുകൾ തീരുമാനിച്ചു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ച സാഹചര്യം മുൻനിർത്തിയാണ് നടപടി. ഡോളറിനൊപ്പം ഗൾഫ് കറൻസികൾക്ക് നീക്കം ഉണർവ് പകർന്നേക്കും.

പതിറ്റാണ്ടുകൾക്കിപ്പുറമാണ് ബെഞ്ച് മാർക്ക് പലിശനിരക്കിൽ കുറവ് വരുത്താനുള്ള ഗൾഫ് സെൻട്രൽ ബാങ്കുകളുടെ തീരുമാനം. പലിശ നിരക്കിൽ ഇനിയും കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന. പലിശനിരക്കിൽ 25 അടിസ്ഥാന പോയിന്റിന്റെ കുറവാണ് യു എ ഇ സെൻട്രൽ ബാങ്ക് വരുത്തിയത്.സർട്ടിഫിക്കറ്റുകളിലും നിക്ഷേപത്തിലും ഇതു പ്രതിഫലിക്കും.

എല്ലാ ഗൾഫ് രാജ്യങ്ങളും ഏറെക്കുറെ അമേരിക്കൻ ഡോളറിനെയാണ് കറൻസി വിനിമയ മാനദണ്ഡമായി വിലയിരുത്തുന്നത്. കുവൈത്ത് മാത്രമാണ് ഇതിന് അപവാദം. സൗദി അറബ്യ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങൾ റിപോ നിരക്കിൽ ആനുപാതിക കുറവ് വരുത്തിയിട്ടുണ്ട്.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിനെ തുടർന്ന് ഡോളർ കരുത്താർജിക്കുന്ന സാഹചര്യമാകും ഉണ്ടാവുക. രണ്ടു മാസത്തെ ഏറ്റവും ഉയർന്ന മൂല്യത്തിലേക്ക് ഡോളർ ഉയർന്നതായാണ് റിപ്പോർട്ട്. പലിശനിരക്കിലെ കുറവ് വായ്‌പകൾക്കും മറ്റും അനുകൂല സാഹചര്യമാകും രൂപപ്പെടുത്തുയെന്ന് നിരീക്ഷകർ കരുതുന്നു.

Other News