പാരീസ്: ഫലസ്തീന് പിന്തുണ നല്‍കിയ ഹാരി പോര്‍ട്ടര്‍ താരം എമ്മ വാട്സണിന്റെ പോസ്റ്റിന് പിന്തുണ പ്രഖ്യാപിച്ച് ഹോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്തതിന് പിന്നാലെ എമ്മക്ക് നേരെ ഇസ്രഈലി ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എമ്മയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താരങ്ങള്‍ പ്രസ്താവനയിറക്കിയത്.
അഭിനേതാക്കളായ മാര്‍ക് റുഫലോ, സൂസന്‍ സാറാന്‍ഡന്‍, വിഗ്ഗൊ മോര്‍ടെന്‍സന്‍, സംവിധായകരായ ആസിഫ് കപാഡിയ, മീര നായര്‍ തുടങ്ങി 40ലധികം പേരാണ് എമ്മക്ക് പിന്തുണയുമായി എത്തിയത്.
ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ 'ആര്‍ട്ടിസ്റ്റ് ഫോര്‍ ഫലസ്തീന്‍ യു കെ' പുറത്തുവിട്ട കത്തിലൂടെയാണ് താരങ്ങള്‍ പിന്തുണക്കുന്ന പ്രസ്താവനകള്‍ പുറത്തുവിട്ടത്.
ഐക്യദാര്‍ഢ്യം എന്നത് ഒരു പ്രവര്‍ത്തിയാണെന്ന ഒരു പ്രസ്താവനയില്‍ പിന്തുണച്ച് ഞങ്ങള്‍ എമ്മക്കൊപ്പം നില്‍ക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്.
ഐക്യദാര്‍ഢ്യം എന്നത് ഒരു പ്രവര്‍ത്തിയാണ് എന്നായിരുന്നു ജനുവരി മൂന്നിന് എമ്മ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഫലസ്തീനികളുടെ പ്രതിഷേധ സമരത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്.
ഇതിന് പിന്നാലെ യു.എന്നിലെ ഇസ്രഈല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദന്‍ അടക്കമുള്ളവര്‍ എമ്മയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സാങ്കല്‍പിക കഥകള്‍ ഹാരിപോട്ടറില്‍ നടന്നേക്കാമെന്നും എന്നാല്‍ അത് യാഥാര്‍ഥ്യത്തില്‍ നടക്കില്ലെന്നുമായിരുന്നു ഗിലാഡ് എര്‍ദന്‍ പ്രതികരിച്ചത്.
യു എന്നിലെ മറ്റൊരു ഇസ്രഈല്‍ അംബാസിഡര്‍ ഡാനി ഡാനെനും ആന്റിസെമിറ്റിക് എന്ന് എമ്മയെ അഭിസംബോധന ചെയ്തിരുന്നു.
അഭിനയത്തിന് പുറമെ സമൂഹത്തിലെ മറ്റ് വിഷയങ്ങളിലും നിരന്തരം ഇടപെടുന്ന സെലിബ്രിറ്റിയാണ് എമ്മ വാട്സണ്‍. ലിംഗനീതിക്ക് വേണ്ടി നടന്ന നിരവധി പോരാട്ടങ്ങള്‍ക്ക് എമ്മ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
2015ല്‍ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ എമ്മ ഇടം നേടിയിരുന്നു. 2014ല്‍ ഐക്യരാഷ്ട്രസഭ വനിതകളുടെ ഗുഡ്വില്‍ അംബാസിഡറായും എമ്മയെ നിയമിച്ചിരുന്നു.