ചൈനയുടെ ദേശീയ സുരക്ഷാ നിയമനിര്‍മാണ നീക്കത്തെ കുറ്റപ്പെടുത്തി ഹോങ്കോങ്


MAY 22, 2020, 9:34 PM IST

ഹോങ്കോങ്: ദേശീയ സുരക്ഷാ നിയമനിര്‍മാണം നടത്താനുള്ള ചൈനീസ് നീക്കത്തിനെതിരെ ഹോങ്കോങ്. ചൈനീസ് അസംബ്ലിയുടെ ആദ്യദിനത്തില്‍ അവതരിപ്പിച്ച ബില്‍ വിഘടനവാദവും അട്ടിമറിയും വിദേശഇടപെടലും ഭീകരവാദവും നിരോധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ജനാധിപത്യാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഹോങ്കോങ് ഭയക്കുന്നത്. 

വര്‍ഷങ്ങളായി നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ അജണ്ടയിലുള്ള ബില്ലിനെതിരെ അമേരിക്കയും വിവിധ അവകാശ സംഘടനകളും രംഗത്തുണ്ട്. ഹോങ്കോങിലെ ജനങ്ങളെ അവഗണിച്ചുകൊണ്ടുള്ള ബീജിങിന്റെ തീരുമാനം ഭീഷണിയാണെന്നാണ് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടത്. 

ഒരു രാജ്യം രണ്ട് സംവിധാനങ്ങള്‍ എന്ന അവസ്ഥയെ മുറിപ്പെടുത്തുന്നതാണ് ജിങ്പിംഗിന്റെ നീക്കമെന്ന് ജനാധിപത്യ അനുകൂല മുന്‍ നിയമനിര്‍മാതാവ് ലീ ച്യൂക്ക് യാന്‍ പറഞ്ഞു. ബീജിങ് നേരിട്ട് നിയന്ത്രണം ഏറ്റെടുക്കുകയാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തിയത്. ഹോങ്കോങില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന എല്ലാ സംഘടനകളേയും നിരോധിക്കാനാണ് ശ്രമമെന്നും സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള എല്ലാ ആഗോളമൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒരു രാജ്യം രണ്ടു സംവിധാനങ്ങള്‍ എന്നതാണ് വാഗ്ദാനമെങ്കിലും ഒരു രാജ്യം ഒരു സംവിധാനം എന്ന നയമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ടിഫാനി ചുങ് എന്ന ഉദ്യോഗസ്ഥന്‍ കുറ്റപ്പെടുത്തിയത്. 

എന്നാല്‍ ഹോങ്കോങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളാണെന്നും വിദേശ രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ചൈനയുടെ നിലപാട്. 

പുതിയ ബില്ലിനെ കുറിച്ചുള്ള ആശങ്ക പരന്നതോടെ ഹോങ്കോങിന്റെ ഓഹരി വിപണി സൂചിക 5.6 ശതമാനമാണ് ഇടിഞ്ഞത്. യു എസ്- ചൈനീസ് പിരിമുറക്കം ഏഷ്യന്‍ വിപണികളെ ബാധിച്ചതിന് പിന്നാലെയാണ് ഇത്.

Other News