ഒടുവിൽ ചൈനയും കാരി ലാമും വഴങ്ങി:ഹോങ്കോംഗിലെ വിവാദ ബിൽ പിൻവലിച്ചു


SEPTEMBER 5, 2019, 1:08 AM IST

ഹോങ്കോംഗ്:  മാസങ്ങള്‍ നീണ്ട അതിശക്തമായ  ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ ഹോങ്കോംഗ് ഭരണകൂടം  മുട്ടുമടക്കി. കുറ്റവാളികളായ ഹോങ്കോംഗ് പൗരന്‍മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള 'വിവാദ' ബില്‍ പിന്‍വലിച്ചു.പൊതുതാത്പര്യത്തിനായി ബില്‍ പിന്‍വലിക്കുകയാണെന്ന്' ഹോങ്കോംഗ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു.

'അപകടകാരികളായ കുറ്റവാളികളെ' ചൈനയ്ക്ക് കൈമാറാനെന്ന പേരിലായിരുന്നു കുറ്റവാളിക്കൈമാറ്റ ബില്ല് ഹോങ്കോംഗ് ഭരണകൂടം കൊണ്ടുവന്നത്. കുറ്റവാളി കൈമാറ്റ നിയമത്തിലെ പഴുതുകള്‍ നീക്കി, ക്രിമിനലുകളില്‍ നിന്ന് നഗരത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു കാരി ലാമിന്റെ വിശദീകരണം. എന്നാല്‍ ചൈനയെ എതിര്‍ക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ ചൈനയില്‍ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്നതാണ് ബില്ലെന്നും നഗരത്തിന്റെ നീതിന്യായ സ്വാതന്ത്ര്യം തകര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും പ്രക്ഷോഭകാരികള്‍ ആരോപിച്ചു.'ഹോംങ്കോംഗിനെ സ്വതന്ത്രമാക്കുക' എന്നാവശ്യപ്പെട്ട്  യുവാക്കളും വിദ്യാർത്ഥികളുമുൾപ്പെടെ ലക്ഷക്കണക്കിന് ജനങ്ങളുമാണ് തെരുവിലിറങ്ങിയത്. 

യൂറോപ്യന്‍ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രശ്‌നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ചൈനയുടെ നിലപാട്.

പലപ്പോഴും അക്രമങ്ങളിലേക്ക് വഴിമാറിയ വൻ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് വിവാദബില്ല് പിൻവലിക്കാൻ കാരി ലാം തയ്യാറാകുന്നത്. ചൈനയുടെ കീഴിലുള്ള സ്വതന്ത്രഭരണകൂടമുള്ള പ്രദേശമാണ് ഹോങ്കോംഗ്.വലിയ സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ഹോങ്കോംഗിന് സ്വയംഭരണാവകാശം ലഭിച്ചത്. എന്നാൽ ഇപ്പോഴത്തെ ഭരണാധികാരിയായ കാരി ലാം ചൈനയുടെ കളിപ്പാവയാണെന്ന ആരോപണം വ്യാപകവും ശക്തവുമാണ്. 

വൻപ്രക്ഷോഭങ്ങൾ അരങ്ങേറിയതിനെത്തുടർന്ന്, ഹോങ്കോംഗ് ഭരണകൂടം തയ്യാറാക്കിയ ബിൽ ചൈനീസ് ഭരണകൂടം തൽക്കാലം പരിഗണിക്കാതെ തിരിച്ചയച്ചെന്നാണ് സൂചന. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കാരി ലാം രാജിയ്ക്ക് ഒരുങ്ങിയെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 

'ബില്ലിനെതിരായ പ്രക്ഷോഭങ്ങൾ പലപ്പോഴും നമ്മുടെ സമൂഹത്തിന്‍റെ അടിസ്ഥാനം തന്നെ തകർക്കുകയാണ്. പ്രക്ഷോഭകാരികൾ നിയമം കയ്യിലെടുക്കുകയുമാണ്' എന്ന് കാരി ലാം ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ബില്ലിനെതിരായ പ്രക്ഷോഭങ്ങൾ ഒരു മാസമായി വൻ അക്രമങ്ങളിലേക്ക് വഴിമാറിയിരുന്നു.ആയിരത്തിലധികം പ്രതിഷേധക്കാരെ ഭരണകൂടം അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ച് യുവാക്കൾ പാർലമെന്റ് വളപ്പിൽ വരെ അതിക്രമിച്ച് കയറി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം മുതൽ സ്‌കൂൾ  വിദ്യാർത്ഥികളും ക്ലാസുകളുപേക്ഷിച്ച് പ്രതിഷേധത്തിനിറങ്ങി.

'ജനങ്ങളെ വിശ്വാസത്തിലെടുക്കുംവരെ ബിൽ പിൻവലിക്കുകയാണെ'ന്നാണ് കാരി ലാം പ്രഖ്യാപിച്ചത്. പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് ശ്രമിക്കും. പരിഹാരത്തിനായ ആത്മാർത്ഥമായ ശ്രമമുണ്ടാകുമെന്നും കാരി ലാം പറഞ്ഞു.

മാർച്ചിലാണ് കുറ്റവാളിക്കൈമാറ്റബില്ലിനെതിരെ ഹോങ്കോംഗിൽ പ്രതിഷേധങ്ങൾ തുടങ്ങിയത്. ജൂൺ ആകുമ്പോഴേക്ക് പ്രതിഷേധങ്ങളിലേക്ക് പതിനായിരക്കണക്കിന് പേരെത്തിത്തുടങ്ങി. അത് പിന്നീട് സ്വതന്ത്രരാജ്യത്തിന് വേണ്ടിയുള്ള മുറവിളിയായി മാറിയതോടെയാണ് കാരി ലാം വഴങ്ങുന്നത്. 

150 വര്‍ഷം ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997 ലാണ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്.മെയിൻലാൻഡ് ചൈനയായി കണക്കാക്കുന്നുണ്ടെങ്കിലും ഹോങ്കോംഗുകാർ  പൊതുവേ സ്വയം ചൈനക്കാരായല്ല വിശേഷിപ്പിക്കാറ്. സ്വയം ഭരണവ്യവസ്ഥയും ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയുമെല്ലാമുള്ള പ്രദേശമാണ് ഹോങ്കോംഗ്.

Other News