പ്രതിഷേധം അതിശക്തം; ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു


AUGUST 14, 2019, 2:29 AM IST

ഹോങ്‍കോങ്: ജനാധിപത്യ അനുകൂലികളുടെ പ്രതിഷേധം ശക്തമായതോടെ ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ചെക്ക്- ഇന്നുകളും നിർത്തി. എല്ലാ വിമാനസർവീസുകളും റദ്ദാക്കി. 

സ്വാതന്ത്ര്യവാദികളുടെ ഉപരോധം പ്രവർത്തനങ്ങളെ ബാധിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്‌ചയാണ് പ്രതിഷേധക്കാർ വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങിയത്. ഹോങ്കോങ് സുരക്ഷിതമല്ലെന്ന് എഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്.

160 ലേറെ സർവ്വീസുകളാണ് വിമാനത്താവള അധികൃതർ റദ്ദാക്കിയത്. ഹോങ്‍കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴ്‌ചകളായി ഇവിടെ പൊലീസും  പ്രതിഷേധക്കാരും തമ്മില്‍ സംഘർഷം നിലനിൽക്കുകയാണ്. 

വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്.തുടർന്ന് ബിൽ വേണ്ടെന്നുവച്ചെങ്കിലും കൂടുതൽ ജനാധിപത്യം വേണമെന്നും  ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയായിരുന്നു.ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.

ചൈനക്ക് ഹോങ്കോങിന് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്ലെന്ന് ജനാധിപത്യ വാദികളായ പ്രക്ഷോഭകരുടെ വാദം. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കാനുള്ള കരിനിയമമെന്ന് അവർ ബില്ലിനെ വിശേഷിപ്പിക്കുന്നു.

Other News