യുദ്ധക്കെടുതിയില്‍ സിറിയ; പലായനം വര്‍ധിക്കുന്നു


FEBRUARY 20, 2020, 12:14 AM IST

ജനീവ: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ യുദ്ധം ജനങ്ങള്‍ക്കുണ്ടാക്കിയ കെടുതികള്‍ ഏറെയെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ (യു.എന്‍.എച്ച്.സി.ആര്‍). ദുരിതജീവിതത്തെത്തുടര്‍ന്ന് രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പലായനമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഇതര മേഖലയില്‍ സുരക്ഷിതമായി എത്തിച്ചേരാന്‍ പാതയൊരുക്കണം. സിറിയയും റഷ്യയും സിവിലിയന്‍മാരെ മനപൂര്‍വം ലക്ഷ്യമിടുകയാണെന്നും ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് പറഞ്ഞു.

സര്‍ക്കാര്‍ ആക്രമണം തുടരുകയാണ്. ഒരു താവളവും സുരക്ഷിതമല്ലാത്ത സാഹചര്യമാണ്. കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെട്ടേക്കുമോയെന്ന് ഭയക്കുന്നു. ഈ വര്‍ഷം ഇതുവരെ 300ഓളം സാധാരണ മനുഷ്യരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ പക്ഷത്തിന്റെ ആക്രമണമാണ് 93 ശതമാനം മരണങ്ങള്‍ക്കും കാരണം. യുദ്ധത്തെത്തുടര്‍ന്ന് വീട് വിട്ടവരെ പാര്‍പ്പിച്ച ക്യാംപുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ എന്തു പറഞ്ഞാണ് ന്യായീകിരിക്കുകയെന്നും അവര്‍ ചോദിച്ചു. സിറിയയില്‍ നടക്കുന്നത് യുദ്ധകുറ്റകൃത്യത്തിനു തുല്യമാണെന്നു അവര്‍ നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.

വിമത കേന്ദ്രങ്ങളില്‍ സൈന്യം മുന്നേറ്റം തുടരുമ്പോള്‍ ക്യാംപുകളില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കടുത്ത തണുപ്പില്‍ തണുത്തുവിറക്കുകയാണ്. ശീതകാലത്തിന്റെ കാഠിന്യം താങ്ങാനാവാതെ നിരവധി കുട്ടികള്‍ മരിച്ചിട്ടുണ്ട്. സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെങ്കില്‍ വെടിനിര്‍ത്തല്‍ അടിയന്തിരമായി നടപ്പാക്കണമെന്നാണ് യു.എന്‍ നിര്‍ദേശം.

Other News