ആരോഗ്യരംഗത്ത് നൂറുകണക്കിനു നിയമനങ്ങൾക്ക് അന്തിമ അനുമതി; കുവൈത്തിൽ നഴ്‌സുമാർക്ക് വന്‍ അവസരം


AUGUST 17, 2019, 10:55 PM IST

കുവൈത്ത് സിറ്റി:കുവൈത്തിലെ ആരോഗ്യ മേഖലയിൽ 2575 പേരുടെ നിയമനത്തിന് ധനകാര്യ മന്ത്രാലയം അനുമതി നല്‍കി.2000 നഴ്‌സുമാര്‍ക്ക് പുതുതായി ജോലി ലഭിക്കുന്നതിന് അവസരമൊരുക്കുന്നതാണ് നടപടി. ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സുമാർ,സാങ്കേതിക വിദഗ്‌ധർ,ഡോക്‌ടർമാർ മുതലായ തസ്‌തികകളിലേക്ക്  നിയമനത്തിനാണ് ധനമന്ത്രാലയം അന്തിമ അനുമതി നല്‍കിയത്.

2000 നഴ്‌സുമാര്‍ക്ക് പുറമെ 575 സാങ്കേതിക വിദഗ്‌ധര്‍ക്കും 680 ഡോക്‌ടർമാര്‍ക്കും പുതുതായി ജോലി ലഭിക്കും. 1,94,000 ദിനാറാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. നിയമനത്തിന് നേരത്തെ മന്ത്രിസഭയുടെയും സിവില്‍ സര്‍വ്വീസ് കമ്മീഷന്റെയും അംഗീകാരം ലഭിച്ചിരുന്നു.

അതിനിടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രികളില്‍ നിന്നുള്ള വരുമാനം ഇരട്ടിയായി വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ക്കുള്ള ചികിത്സാഫീസ് വര്‍ധിപ്പിച്ചതാണ് വരുമാനത്തിലെ കുതിപ്പിനു കാരണം. 

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിന്ന് 45 ദശലക്ഷം ദിനാറാണു മന്ത്രാലയം വരുമാനം കണക്കാക്കിയിട്ടുള്ളത്.വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വഴി 108 മില്ല്യണ്‍ ദിനാര്‍ വരുമാനം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Other News